വത്തിക്കാന്‍: ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഉപായമായി ഗര്‍ഭച്ഛിദ്രത്തെയും വന്ധ്യംകരണത്തെയും ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി വത്തിക്കാന്‍.
കുടുംബത്തിനുള്ളില്‍ മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 27 ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പുതിയ രേഖയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ദരിദ്ര രാജ്യങ്ങളില്‍ കര്‍ശനമായ ജനന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാരുകള്‍ ഇത്തരം ജീവവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഖേദകരമാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
'കുടുംബ ജീവിതത്തിലെ സമഗ്ര പരിസ്ഥിതി ശാസ്ത്രം' എന്ന് പേരിട്ടിരിക്കുന്ന ഈ രേഖ, കഴിഞ്ഞ നാല് മാര്‍പാപ്പമാരുടെ പ്രബോധനങ്ങളെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. വിശുദ്ധ പോള്‍ ആറാമന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ ഇതിന് അടിസ്ഥാനമായിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ലൗദാത്തോ സി', 'അമോറിസ് ലെറ്റിഷ്യ' എന്നീ രേഖകളിലെ ആശയങ്ങള്‍ക്കും ഇതില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
അതേസമയം, ലിംഗ വ്യത്യാസങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെയും മനുഷ്യ ശരീരത്തില്‍ കൃത്രിമത്വം നടത്താനുള്ള ആഗ്രഹങ്ങളെയും രേഖ വിമര്‍ശിക്കുന്നു. ഉപഭോക്തൃ സംസ്‌കാരം, മലിനീകരണം, മനുഷ്യ ഭ്രൂണങ്ങളെ ഗവേഷണത്തിനായി ഉപയോഗിക്കല്‍ എന്നിവ മനുഷ്യ അന്തസിന് വിരുദ്ധമാണെന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. സ്വന്തം ശരീരത്തെ ദൈവത്തിന്റെ ദാനമായി സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഒരു യഥാര്‍ഥ പരിസ്ഥിതി അവബോധത്തിന് അത്യന്താപേക്ഷിതമാണെന്നും വത്തിക്കാന്‍ ഓര്‍മിപ്പിക്കുന്നു.
സ്‌നേഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള ശരിയായ ബോധ്യം കുട്ടികള്‍ക്ക് നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് 78 പേജുള്ള രേഖ വ്യക്തമാക്കുന്നു. വാടക ഗര്‍ഭധാരണം, ദയാവധം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുമായി സംഭാഷണങ്ങള്‍ നടത്താന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മില്‍ ഇത്തരം വിഷയങ്ങളില്‍ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.
ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി കേള്‍ക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന രേഖ, പ്രായോഗികമായ ചില ജീവിതശൈലി മാറ്റങ്ങളും നിര്‍ദേശിക്കുന്നുണ്ട്. ഭക്ഷണം, വൈദ്യുതി എന്നിവ പാഴാക്കുന്നത് ഒഴിവാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ലളിതമായ ജീവിത ശൈലി സ്വീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്തു പിടിക്കാനും കുടുംബങ്ങളോട് വത്തിക്കാന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.