പ്രണയം നിരസിച്ചതിന്റെ ക്രൂര പ്രതികാരം: തട്ടിക്കൊണ്ടുപോക്ക്, നിർബന്ധിത മതപരിവർത്തനം, വെടിവെപ്പ്; ലാഹോറിലെ യുവതിയുടെ ഞെട്ടിക്കുന്ന ജീവിതകഥ

പ്രണയം നിരസിച്ചതിന്റെ ക്രൂര പ്രതികാരം: തട്ടിക്കൊണ്ടുപോക്ക്, നിർബന്ധിത മതപരിവർത്തനം, വെടിവെപ്പ്; ലാഹോറിലെ യുവതിയുടെ ഞെട്ടിക്കുന്ന ജീവിതകഥ

ലാഹോർ: പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന ക്രൂരമായ പീഡനങ്ങളുടെയും വേട്ടയാടലുകളുടെയും നേർച്ചിത്രമായി മാറിയിരിക്കുകയാണ് 19 വയസുകാരിയായ അദാൻ സാബിറിന്റെ ജീവിതം. നിയമ പോരാട്ടത്തിലൂടെ അക്രമിയുടെ പിടിയിൽ നിന്ന് മോചിതയായെങ്കിലും വധഭീഷണി നിലനിൽക്കുന്നതിനാൽ അദാനും കുടുംബവും ഇപ്പോൾ നാടുവിട്ട് ഒളിവിൽ കഴിയുകയാണ്.

2025 ജൂലൈ മൂന്നിനാണ് അദാന്റെ ജീവിതം ദുരന്തപൂർണമായ വഴിത്തിരിവിലെത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ ഉസ്മാൻ അലി എന്നയാൾ അദാനെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്റെ കുറ്റം മറയ്ക്കാനായി അദാൻ മതം മാറിയെന്നും തന്നെ വിവാഹം കഴിച്ചുവെന്നുമുള്ള വ്യാജരേഖകൾ ഇയാൾ കോടതിയിൽ ഹാജരാക്കി.

കുടുംബാംഗങ്ങളെ വധിക്കുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ ആദ്യഘട്ടത്തിൽ കോടതിയിൽ സത്യം വെളിപ്പെടുത്താൻ ഭയന്ന അദാനെ ഉസ്മാനോടൊപ്പം പോകാൻ കോടതി അനുവദിച്ചിരുന്നു. മകൾക്കായി സാബിർ കുടുംബം നടത്തിയ ധീരമായ നിയമ പോരാട്ടത്തിനൊടുവിൽ 2025 സെപ്റ്റംബറിൽ ലാഹോർ ഹൈക്കോടതി കേസിൽ ഇടപെട്ടു. നിർബന്ധിത മതപരിവർത്തനത്തിന്റെയും ഭീഷണിയുടെയും തെളിവുകൾ പരിശോധിച്ച കോടതി അദാനെ കുടുംബത്തോടൊപ്പം വിടാൻ ഉത്തരവിടുകയും നവംബറിൽ വിവാഹമോചന നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

അദാൻ മറ്റൊരു വിവാഹ നിശ്ചയം നടത്തിയതിൽ പ്രകോപിതനായ ഉസ്മാൻ അലി കഴിഞ്ഞ ഏപ്രിൽ 20 ന് ഇവരുടെ വീടിന് നേരെ വെടിയുതിർത്തു. ജീവൻ നിലനിർത്താനായി ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഈ കുടുംബത്തിന് താമസം മാറേണ്ടി വരികയാണ്. രാത്രിയിൽ ഭയന്ന് വിറച്ച് എഴുന്നേൽക്കുന്ന അദാൻ കടുത്ത മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമ്മ അഫ്സാൻ സാബിർ പറയുന്നു.

തങ്ങളെ നിരീക്ഷിക്കാനായി ഉസ്മാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും സൈബർ ആക്രമണങ്ങൾ നടത്തുന്നതായും കുടുംബം ആരോപിക്കുന്നു. പാകിസ്ഥാനിലെ ക്രൈസ്തവ പെൺകുട്ടികൾ നേരിടുന്ന നിർബന്ധിത മതപരിവർത്തനം എന്ന വലിയ ഭീഷണിയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

ഭരണകൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ കൃത്യമായ സംരക്ഷണം ലഭിക്കാതെ സമാധാനമായി ജീവിക്കാൻ കഴിയില്ലെന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥ പാകിസ്ഥാനിലെ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.