യുദ്ധ സാധ്യതയുറപ്പിച്ച് പുടിന്‍; സൈനിക നീക്കം ആകാമെന്ന് റഷ്യന്‍ പാര്‍ലമെന്റ്; ഉപരോധ നടപടികളും ശക്തം

യുദ്ധ സാധ്യതയുറപ്പിച്ച് പുടിന്‍; സൈനിക നീക്കം ആകാമെന്ന് റഷ്യന്‍ പാര്‍ലമെന്റ്; ഉപരോധ നടപടികളും ശക്തം


മോസ്‌കോ/വാഷിംഗ്ടണ്‍: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നല്‍കി റഷ്യന്‍ പാര്‍ലമെന്റ്. പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് നടപടി. അനുമതി ലഭിച്ചതിനാല്‍ ഏതുസമയവും റഷ്യന്‍ സേനയ്ക്ക് ഉക്രെയിനില്‍ ആക്രമണം നടത്താം.രാജ്യത്തിന് പുറത്ത് സൈനിക നടപടിയാകാം എന്ന സുപ്രധാന തീരുമാനം റഷ്യന്‍ പാര്‍ലമെന്റ് എടുത്തു എന്നത് യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ശക്തമായ നടപടികളുമായി അമേരിക്കയും സഖ്യകക്ഷികളും രംഗത്തുണ്ട്. കടുത്ത സാമ്പത്തിക ഉപരോധ നടപടികളാരംഭിച്ചു അമേരിക്കയും സഖ്യ കക്ഷികളും. റഷ്യ യുദ്ധത്തിനുള്ള വിത്തുവിതയ്ക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.റഷ്യ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചെന്ന രൂക്ഷ വിമര്‍ശനത്തിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കടുത്ത മുന്നറിയിപ്പും നല്‍കി. 4 റഷ്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ബ്രിട്ടണ്‍ മരവിപ്പിച്ചു. റഷ്യയ്ക്കെതിരെയുള്ള ഏതു നീക്കത്തെയും പിന്തുണയ്ക്കുമെന്ന് ജപ്പാന്‍ പറഞ്ഞു.

സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച ഉക്രെയിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് സൈന്യം എത്തിക്കഴിഞ്ഞതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയിന്‍ ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉക്രെയ്നിലെ വിമത മേഖലകളിലൂടെ സൈന്യത്തെ അതിര്‍ത്തി കടത്തിയ പുടിന്റെ നടപടി നീതീകരിക്കാനാവാത്തതെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കി. റഷ്യയുടെ നീക്കത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക വാണിജ്യ ഉപരോധം വേണമെന്നും അമേരിക്ക ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

ഇതിനിടെ റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നു എന്നകാര്യം മോസ്‌കോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രണ്ടാഴ്ചയായി വിമത സൈനികരെ ഉപയോഗിച്ച് കനത്ത ഷെല്ലാക്രമണമാണ് ഉക്രെയ്നിന്റെ ജനവാസ മേഖലയിലേക്ക് നടത്തിക്കൊണ്ടിരുന്നത്. ഒരു സൈനികന്‍ വധിക്കപ്പെട്ട ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഉക്രെയ്നിന്റെ അതിര്‍ത്തിമേഖലയിലെ ഡോണിയാസ്‌കിനേയും ലുഹാന്‍സ്‌കിനേയും സ്വതന്ത്ര ഭൂവിഭാഗമെന്ന നിലയില്‍ അംഗീകരിച്ചുകൊണ്ടുള്ള പുടിന്റെ പ്രമേയത്തെ നാറ്റോയും അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നിശിതമായി വിമര്‍ശിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക എല്ലാ സാമ്പത്തിക വാണിജ്യ ബന്ധങ്ങളും മരവിപ്പിച്ചു. അന്താരാഷ്ട്ര ഓഹരി രംഗത്ത് റഷ്യന്‍ കമ്പനികളില്‍ നിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയും ബൈഡന്‍ നടത്തി. ഇതിന് പുറമേ ജര്‍മ്മനി റഷ്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.