ക്രിമിയന്‍ നടുക്കത്തില്‍ യൂറോപ്പ്; ഉക്രെയ്‌നെ കീഴടക്കി നാറ്റോയുടെ വീര്യം കെടുത്താനുറച്ച് വ്ളാഡിമിര്‍ പുടിന്‍

ക്രിമിയന്‍ നടുക്കത്തില്‍ യൂറോപ്പ്; ഉക്രെയ്‌നെ കീഴടക്കി നാറ്റോയുടെ വീര്യം കെടുത്താനുറച്ച് വ്ളാഡിമിര്‍ പുടിന്‍

കീവ്: ഉക്രെയ്‌നെ തങ്ങളുടെ സഖ്യത്തില്‍ കൂട്ടാനുള്ള നാറ്റോയുടെ അത്യാഗ്രഹമാണ് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചതെന്ന റഷ്യയുടെ ആരോപണത്തിന്റെ അനുബന്ധമായാണ് യുദ്ധ പ്രഖ്യാപനം വന്നത്. പിന്നാലെ ശക്തമായ പടനീക്കവും വ്യോമാക്രമണവും തുടങ്ങി.

വിട്ടുപോയെ പഴയ സോവ്യറ്റ് രാജ്യങ്ങളില്‍ പലതിനെയും റഷ്യയുടെ കൊടിക്കീഴിലാക്കാനുള്ള പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ തന്ത്രം അനാവരണം ചെയ്യപ്പെടുകയാണെന്ന നിരീക്ഷണവും ശക്തം. വിമത ഉക്രെയ്ന്‍ പ്രദേശങ്ങളിലെ കൂട്ടക്കുരുതി ഒഴിവാക്കാനാണ് റഷ്യയുടെ സൈനിക നടപടിയെന്ന് പുടിന്‍ പറഞ്ഞു. സമാധാന ദൗത്യത്തിന്റെ മറവിലാണ് റഷ്യ ഉക്രെയ്‌നിനെ കീഴടക്കാന്‍ തുനിയുന്നതെന്ന് ഇതോടെ വീണ്ടും വ്യക്തമായി.

പ്രസിഡന്റ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ, കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഉക്രേനിയന്‍ സൈനിക സംവിധാനങ്ങളെ തങ്ങള്‍ ലക്ഷ്യമിടുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.'സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമ പ്രതിരോധ സൗകര്യങ്ങള്‍, സൈനിക എയര്‍ഫീല്‍ഡുകള്‍, ഉക്രെയ്‌നിലെ സായുധ സേനയുടെ വ്യോമയാനം എന്നിവ ഉയര്‍ന്ന കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കിത്തുടങ്ങി,' പ്രതിരോധ മന്ത്രാലയം റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ അവസാനം പുടിന്‍ 1,00,000 സൈനികരെ ടാങ്കുകളും മിസൈലുകളും സഹിതം ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത് മുതല്‍ ഈ പ്രദേശം സംഘര്‍ഷത്തിലാണ്. തുടര്‍ന്ന് സൈനിക സന്നാഹം ഇരട്ടിയാക്കി. 2014 ലെ കടുത്ത മഞ്ഞ് കാലത്ത് റഷ്യ ഉക്രെയ്ന്‍ ആക്രമിച്ച് ക്രിമിയ ഉപദ്വീപ് സ്വന്തമാക്കി. അതുപോലെ ഇത്തവണയും കടുത്ത മഞ്ഞ് കാലമായ ഫെബ്രുവരി കഴിയും മുമ്പേ കാര്യം നടത്താനുള്ള പുറപ്പാടിലാണ് പുടിന്‍. ക്രിമിയ യുദ്ധത്തില്‍ ഉക്രെയ്‌ന് തങ്ങളുടെ 13,000-ത്തിലധികം പേരെ നഷ്ടമായിരുന്നു.

ഉക്രെന്‍ അക്രമിച്ചാല്‍ റഷ്യ കനത്ത വിലനല്‍കേണ്ടിവരുമെന്ന് അമേരിക്കയും ബ്രിട്ടനും മറ്റും പറയുമ്പോഴും അവര്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചത് ഉക്രെയ്‌നെ ചൊടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി വിദേശരാജ്യങ്ങളോട് എരിതീയില്‍ എണ്ണയൊഴിക്കാതെ അടങ്ങിയിരിക്കാന്‍ പറയുകയും ചെയ്തിരുന്നു.

റഷ്യ അക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാനായി രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉക്രെയ്ന്‍ സൈനിക പരിശീലനവും നല്‍കിവന്നിരുന്നു. ഇത്തരത്തില്‍ ഏതാണ്ട് 2,55,000 ത്തിനടുത്ത് ആളുകള്‍ ഇതിനകം പരിശീലനം നേടിക്കഴിഞ്ഞെന്നും യുദ്ധമുണ്ടായാല്‍ ഈ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) സൈന്യത്തിന് അടിയന്തര സഹായവുമായി മുന്‍നിരയിലുണ്ടാകുമെന്നും അവകാശ വാദവുമുണ്ടായിരുന്നു.

ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ അമ്മമാരും ഗവേഷകരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അംഗമാണ്. സ്വന്തം രാജ്യം അക്രമിക്കപ്പെടുകയാണെങ്കില്‍ യുദ്ധമുഖത്ത് തങ്ങളുമുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ ഉക്രെയ്‌നികള്‍ റഷ്യയ്‌ക്കെതിരെ പോരാടാനായി സ്വന്തം നിലയില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.


റഷ്യയുടെ ഉക്രെയ്ന്‍ അക്രമണ ഭീഷണിക്കിടെ അമേരിക്കയും യു.കെയും ഉക്രെയ്‌നിലേക്ക് വന്‍ തോതില്‍ ആയുധങ്ങള്‍ അയച്ചു. കവചിത വാഹനങ്ങളും ടാങ്ക് വേധ മിസൈലുകളും യന്ത്രത്തോക്കുകളും ഈ കൈമാറ്റത്തിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍. റഷ്യയുടെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി കാത്തിരിക്കുന്ന ജര്‍മ്മനി ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്തില്ല.


യൂറോപ്പിന്റെ പ്രശ്‌നമെന്ന് ചൈന

ഉക്രെയ്‌നെ റഷ്യ ആക്രമിച്ചാല്‍ റഷ്യ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആദ്യം പറഞ്ഞത് ഫ്രാന്‍സായിരുന്നു. എന്നാല്‍, ഈ പ്രശ്‌നം യൂറോപ്പിന്റെ മാത്രം പ്രശ്‌നമാണെന്നും തങ്ങള്‍ക്കിതില്‍ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. ഇന്ത്യയും നയതന്ത്രപരമായ നിലപാടാണു സ്വീകരിച്ചത്.പാശ്ചാത്യ വിരുദ്ധ നിലപാടിനോടുള്ള ആഭിമുഖ്യത്തിനു പുറമേ തായ് വാന്‍ പ്രശ്‌നവും ചൈനയുടെ അഭിപ്രായത്തെ സ്വാധീനിക്കുക സ്വാഭാവികം. അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ പ്രശ്‌നം ഇന്ത്യയെയും സംയമനത്തിനു നിര്‍ബന്ധിച്ചു.

ഇതിനിടെ ഉക്രെയ്‌ന്റെ വടക്കന്‍ അതിര്‍ത്തി മുതല്‍ കിഴക്കന്‍ അതിര്‍ത്തിവരെയുള്ള പ്രദേശത്ത് റഷ്യ വിവിധ സൈനിക വിഭാഗങ്ങളെ കൂസലെന്യേ വിന്യസിച്ചു. അതിനിടെയും റഷ്യ ഉക്രെയ്‌നെ അക്രമിക്കുമെന്ന വിദേശരാജ്യങ്ങളുടെ മുന്നറിയിപ്പിനോട് റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ നിക്കോളായ് പത്രുഷേവ് പ്രതികരിച്ചത് 'പരിഹാസ്യം' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് യുദ്ധം ആവശ്യമില്ല, ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.' നിക്കോളായ് പത്രുഷേവ് ആവര്‍ത്തിച്ചു. പുടിനും ഇതേ നിലയില്‍ പ്രതികരിച്ചു.

എന്നാല്‍, ഇതിനിടെയും തങ്ങളുടെ ആവശ്യങ്ങളെന്ന് പറഞ്ഞ് റഷ്യ ഒരു പട്ടിക പുറത്ത് വിട്ടു. അമേരിക്കയുടെ കീഴിലുള്ള നാറ്റോയില്‍ ഉക്രെയ്‌നെ സഖ്യ കക്ഷിയാക്കാതിരിക്കുക, മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. എന്നാല്‍, റഷ്യയുടെ ഈ ആവശ്യങ്ങളെല്ലാം അമേരിക്കന്‍ പ്രഡിസന്റ് ജോ ബൈഡന്‍ തള്ളിക്കളഞ്ഞു.

നാറ്റോ സഖ്യത്തില്‍ ഉക്രെയ്ന്‍ ചേരുന്നതിനോടുള്ള മോസ്‌കോയുടെ എതിര്‍പ്പ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വീണ്ടും ആവര്‍ത്തിച്ചു. 'ഉകൈയ്ന്‍ തയ്യാറല്ലെന്നും നാറ്റോയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്‌ന് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിയില്ലെന്നും എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും' സെര്‍ജി ലാവ്റോവ് എടുത്ത് പറഞ്ഞു. ഉക്രെന്റെ നാറ്റോ സഖ്യം റഷ്യയ്ക്ക് ഭീഷണിയാണെന്ന് ലാവ്റോവ് അടിവരയിട്ടു.

'ഇതിനെ പ്രതിരോധമെന്ന് വിളിക്കാന്‍ പ്രയാസമാണ്. ഏകദേശം മൂന്ന് മാസത്തോളം അവര്‍ യുഗോസ്ലാവിയയില്‍ ബോംബെറിഞ്ഞു, ലിബിയ ആക്രമിച്ചു, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ലംഘിച്ചു. അഫ്ഗാനിസ്ഥാനില്‍ അവര്‍ എങ്ങനെ പെരുമാറി എന്ന് മറക്കരുത്,' ലാവ്റോവ് അമേരിക്കയേയും നാറ്റോ സഖ്യത്തെയും കുറ്റപ്പെടുത്തി. നാറ്റോ വിപുലീകരണം നിര്‍ത്തണമെന്ന റഷ്യയുടെ ആവശ്യങ്ങള്‍ യുഎസും നാറ്റോയും ഔപചാരികമായി നിരസിച്ചു.

മുന്‍ സോവിയറ്റ് രാജ്യമായ ഉക്രെന്റെ അതിര്‍ത്തികളിലെ സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും പുടിന്റെ അടുത്ത രാഷ്ട്രീയാനുയായിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മിണ്ടിയില്ല.'ലോകത്തെ എല്ലാ രാജ്യങ്ങളെയും പോലെ അമേരിക്കയുമായും നല്ലതും തുല്യവും പരസ്പര ബഹുമാനവുമുള്ള ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' ലാവ്റോവ് റഷ്യന്‍ ടിവിയോട് പറഞ്ഞു.

നോക്കുകുത്തിയായി നയതന്ത്രം

ചര്‍ച്ചകള്‍ സാധ്യമാകുന്ന മേഖലകളില്‍, യുദ്ധം ഒഴിവാക്കാനുള്ള വഴിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസുമായി പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ലാവ്റോവ് തുടര്‍ന്നും ആവര്‍ത്തിച്ചത് അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പതിവ് രീതി പ്രകാരമായിരുന്നെന്ന് യുദ്ധ പ്രഖ്യാപനത്തോടെ വ്യക്തമായി.റഷ്യയുടെ നീക്കത്തിലൂടെ ഒരു രാജ്യത്തിന് നേരെ മാത്രമല്ല, ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് പുടിന്‍ നടത്തുന്നതെന്ന് യുഎസിലെ ഉക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മര്‍കറോവ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാറ്റോ സഖ്യകക്ഷികളെ സംരക്ഷിക്കാന്‍ ഫാസ്റ്റ് ജെറ്റുകള്‍, യുദ്ധക്കപ്പലുകള്‍, സൈനിക വിദഗ്ധര്‍ എന്നിവ അയക്കുമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദിവസങ്ങള്‍ക്കു മുമ്പു പറഞ്ഞത്.'എസ്റ്റോണിയയിലേക്ക് അധിക സൈനികരെ വിന്യസിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. കരിങ്കടലിനു കുറുകെ ഞങ്ങള്‍ കൂടുതല്‍ വ്യോമ പിന്തുണ നല്‍കും. വ്ളാഡിമിര്‍ പുടിന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ ഉക്രൈന്‍ ഏറ്റവും മികച്ച നിലയിലാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിരോധ ആയുധങ്ങള്‍ നല്‍കും. റഷ്യയുടെ ഏത് തരത്തിലുള്ള കടന്നുകയറ്റവും തടയും' ബോറിസ് ജോണ്‍സണ്‍ പറഞ്ഞതിങ്ങനെ.

'യുദ്ധമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധമുണ്ടാകും. ഉക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ പങ്കെടുക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരെയും ശക്തമായ ഉപരോധം കൊണ്ടുവരും. അതിനാല്‍ പുടിന്റെ യുദ്ധ പ്രഭുക്കന്മാര്‍ക്കും റഷ്യന്‍ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ കമ്പനികള്‍ക്കും ഒളിക്കാന്‍ ഒരിടവുമില്ലാതാകും' വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അടുത്ത ആഴ്ച പുടിനുമായി ചര്‍ച്ചനടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയാന്‍, അദ്ദേഹത്തിന്റെ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്ക്, പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി എന്നിവരുള്‍പ്പെടെ നിരവധി പാശ്ചാത്യ ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ ഉക്രൈയ്ന്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.