കീവ്: ഉക്രെയ്നെ പൂര്‍ണ്ണമായും പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ രാജ്യം പൂര്‍ണമായും വളഞ്ഞ് റഷ്യന്‍ സൈന്യം. യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കീവ് അടക്കം പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണം. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യന്‍ കരസേനയും അതിര്‍ത്തി ഭേദിച്ച് ഉക്രെയ്‌നില്‍ പ്രവേശിച്ചു. വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പതു പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കീവില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രേനിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉക്രെയ്‌നിന്റെ വ്യോമതാവളങ്ങളും പ്രതിരോധ സംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്‌ന്റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടക്കുന്നത്. വടക്ക് ബെലാറസ്, തെക്ക് ഒഡേസ, കിഴക്ക് ഡോണ്‍ബാസ് എന്നീ അതിര്‍ത്തികള്‍ വഴിയും കരിങ്കടല്‍ വഴിയുമാണ് ആക്രമണം. കീവ് കൂടാതെ ഉക്രെയ്‌നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കര്‍ക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോള്‍, ഒഡേസ, സെപോര്‍സിയ എന്നിവിടങ്ങളില്‍ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കീവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റര്‍ അകലെ കിഴക്കന്‍ ഭാഗത്ത് ബോറിസ്പിലാണ് സ്‌ഫോടനം നടന്നത്. കിഴക്കന്‍ നഗരമായ ക്രമറ്റോസിലെ പാര്‍പ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേസയിലും സ്‌ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ഉക്രെയ്‌നില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും പരിഭ്രാന്തരാകേണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു.
ഉക്രെയ്‌നെതിരേ കര, വ്യോമ സൈനിക നടപടികള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്റെ പ്രഖ്യാപനം.
ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കിയത്. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഉക്രെയ്ന്‍ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്റ് പുടിന് അനുമതി നല്‍കിയിരുന്നു.
റഷ്യന്‍ സൈന്യം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്ത സാഹചര്യത്തില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യന്‍ സൈന്യത്തെ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെലന്‍സ്‌കി നിര്‍ദേശം നല്‍കി.
18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാനും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം, കിഴക്കന്‍ ഉക്രെയ്‌നിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് ഉക്രെയ്ന്‍ അധികൃതരുടെ നടപടി.
അതിനിടെ, ഉക്രെയ്‌നിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, ഉക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയുടെയും ലോക രാജ്യങ്ങളുടെയും സഹായം തേടി. മാനുഷിക പരിഗണനവെച്ച് റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.