ഉക്രെയ്‌ന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ; സൈബര്‍ സുരക്ഷാ സഹായവും വാഗ്ദാനം ചെയ്തു

ഉക്രെയ്‌ന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ; സൈബര്‍ സുരക്ഷാ സഹായവും വാഗ്ദാനം ചെയ്തു

കാന്‍ബറ: റഷ്യന്‍ സേനയുടെ ആക്രമണത്തിനെതിരേ തിരിച്ചടിക്കുന്ന ഉക്രെയ്‌ന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ. നാറ്റോ സഖ്യകക്ഷികളിലൂടെയാണ് ആയുധങ്ങള്‍ കൈമാറുക. ഇന്ന് രാവിലെ സിഡ്‌നിയിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രഖ്യാപനം വന്നത്. നേരത്തെ യു.എസും യു.കെയും ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

'ഞാന്‍ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യു.എസ്, യു.കെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സഹകരിച്ച് ആയുധങ്ങളടക്കമുള്ള എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും'-സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഉക്രെയ്‌നില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്‌ട്രേലിയ വിലക്കിയിട്ടുണ്ട്.

ഓസ്ട്രേലിയ നേരിട്ട് ഉക്രെയ്നിലേക്ക് ആയുധങ്ങള്‍ അയയ്ക്കില്ല. പകരം ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോയ്ക്ക് ധനസഹായം നല്‍കും. ധനസഹായം എത്രയാണെന്ന്് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, സൈനികരെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്നാണ് ഓസ്‌ട്രേലിയയുടെയും നിലപാട്. റഷ്യയുടെ സൈബര്‍ ആക്രമണങ്ങളെ പ്രതിേരാധിക്കാന്‍ സൈബര്‍ സുരക്ഷാ സഹായവും ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതിരോധത്തിനായി ഉക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ഉപരിതല മിസൈലുകളും ഉക്രെയ്‌നിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീര്‍ഘകാല നയത്തില്‍ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും ഓസ്‌ട്രേലിയ വ്യക്തിപരമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ കൂടുതല്‍ റഷ്യന്‍ പ്രമുഖരുടെ പേരുകള്‍ ചേര്‍ക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ റഷ്യന്‍ അംബാസഡറെ പുറത്താക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോഴും ആലോചിക്കുന്നുണ്ടെന്ന് മോറിസണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.