കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയ്ക്കുമുമ്പായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെ തലവന്‍മാരും പ്രതിനിധികളും പങ്കെടുക്കും. സൈനിക പിന്‍മാറ്റം ആയിരുക്കും ഉക്രെയ്ന്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. ഉക്രെയ്‌നിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
സമാധാന ചര്‍ച്ചയിലൂടെ ഏതെങ്കിലും തരത്തില്‍ യുദ്ധത്തില്‍ അയവ് വരുത്താന്‍ കഴിയുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യ ഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടെങ്കിലും വെടിനിര്‍ത്തലോ മറ്റ് നിര്‍ണായക പ്രഖ്യാപനങ്ങളോ യോഗത്തില്‍ ഉണ്ടായില്ല.
സമാധാന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നയതന്ത്ര പ്രതിനിധികള്‍ പുടിനെയും സെലന്‍സ്‌കിയെയും ധരിപ്പിക്കും. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതേസമയം സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമായി പുരോഗമിക്കുമ്പോഴും ഉക്രെയ്‌നിലെ നിരവധി നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ അക്രമം തുടരുകയാണ്.
അതേസമയം യുദ്ധഭൂമിയായി മാറിയ ഉക്രെയ്‌നില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000 പേര്‍ പലായനം ചെയ്തു കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നര ലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കു കൂട്ടുന്നു.
ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കുകയായിരുന്നു. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച് ഏഴിനകം രാജ്യം വിടാനാണ് നിര്‍ദേശം. റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.