ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നും 12,000 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല. ഇതുവരെ ഉക്രെയ്നിലെ ഇന്ത്യക്കാരില്‍ 60 ശതമാനം പേരെയും ഇതോടെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഇനി ഉക്രെയ്ന്‍ വിടാനുള്ള 40 ശതമാനമാളുകളില്‍ പകുതിയും ഖാര്‍കീവ്, സുമി മേഖലകളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ്, സുമി മേഖലയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സംഘം ഉക്രെയ്ന്‍ അതിര്‍ത്തിയിലെത്തി. ഇന്ന് മുതല്‍ വ്യോമസേന വിമാനങ്ങള്‍ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകും.
സി17 വിമാനം ഇന്ന് റുമാനിയയിലേക്ക് തിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപെസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് വേറെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല അറിയിച്ചു.
15 ഉദ്യോഗസ്ഥരെ കൂടി അയയ്‌ക്കാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമായത്. നേരത്തെ ഉക്രെയ്ന്‍-റഷ്യ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇപ്പോഴും ഖാര്‍കീവിലും മറ്റ് സംഘര്‍ഷ മേഖലകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് പുറത്തുകടക്കാന്‍ സുരക്ഷിതമായ പാത ഒരുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്ത് കടന്നതായാണ് വിവരം. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ ആരും തന്നെ കീവില്‍ നിന്നും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് ഒരു ഇന്ത്യക്കാരനും കീവില്‍ ഇനി കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.