'അമേരിക്ക ഉക്രെയ്‌നൊപ്പം': യു.എസ് കോണ്‍ഗ്രസില്‍ ബൈഡന്‍; പുടിന്റെ ഏകാധിപത്യം പരാജയപ്പെടും

'അമേരിക്ക ഉക്രെയ്‌നൊപ്പം': യു.എസ് കോണ്‍ഗ്രസില്‍ ബൈഡന്‍; പുടിന്റെ ഏകാധിപത്യം പരാജയപ്പെടും

വാഷിംഗ്ടണ്‍: യുദ്ധം രൂക്ഷമാകുന്നതിനിടെ ഉക്രെയ്‌ന് അകമഴിഞ്ഞ പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കിയും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്ന ഉറച്ച നിരീക്ഷണത്തോടെയും യു.എസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം. തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ച്, ബൈഡന്‍ പുടിനെക്കുറിച്ച് പറഞ്ഞു: 'എന്താണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല.'

നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് മണ്ണും അമേരിക്ക സംരക്ഷിക്കും. റഷ്യന്‍ ധനികരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പദ്ധതിയുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ വാക്കുകള്‍ കക്ഷി ഭേദമെന്യേ കോണ്‍ഗ്രസ് അംഗങ്ങള്‍ പലപ്പോഴും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. അതേസമയം, ഉക്രെനിലേക്ക് സൈന്യത്തെ യു.എസ് അയക്കില്ലെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഉക്രെയ്‌നൊപ്പം അമേരിക്കയുണ്ടാകുമെന്ന യുഎസ് നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി.

യു.എസിലെ ഉക്രെയ്ന്‍ സ്ഥാനപതി സന്ദര്‍ശക ഗാലറിയില്‍ ഇരുന്ന് ബൈഡന്റെ പ്രസംഗം ശ്രവിച്ചു.ബൈഡന്റെ ആദ്യത്തെ ഔപചാരിക സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിനിടെ നിരവധി പേര്‍ ഉക്രേനിയന്‍ പതാകകള്‍ വീശി ജനപ്രതിനിധിസഭയുടെ ചേമ്പറില്‍ ആവേശം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.ബൈഡന്റെ വരവിന് മുന്നോടിയായി ഉക്രേനിയന്‍ പതാകകള്‍ ജനപ്രതിനിധികള്‍ പരസ്പരം കൈമാറി. പതാകയുടെ നിറമായ മഞ്ഞയും നീലയും ധരിച്ചാണ് നിരവധി വനിതാ അംഗങ്ങള്‍ എത്തിയത്.

മാസങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മാസ്‌ക് ധരിക്കാതെ യോഗത്തില്‍ ഇരിക്കാന്‍ കഴിഞ്ഞത്.പ്രഥമ വനിത ജില്‍ ബൈഡന്റെ പ്രത്യേക ക്ഷണ പ്രകാരം അതിഥിയായി വന്ന ഉക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മാര്‍ക്കറോവ വൈറ്റ് ഹൗസില്‍ നിന്ന് ക്യാപിറ്റോള്‍ ഹില്ലിലേക്ക് ബൈഡന്റെ മോട്ടോര്‍കേഡിലും സന്നിഹിതനായിരുന്നു.

റഷ്യന്‍ ആക്രമണത്തെ ബൈഡന്‍ ശക്തമായി അപലപിച്ചു. ഉക്രെയ്‌ന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.ഏകാധിപത്യം തകരും; ജനാധിപത്യം വിജയിക്കുക തന്നെ ചെയ്യും. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കുന്നതായി ബൈഡന്‍ അറിയിച്ചു.

'പുടിന്‍ മാത്രമാണ് കുറ്റക്കാരന്‍'

ഇപ്പോഴത്തെ യുദ്ധമുണ്ടാകുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാ ലോകരാജ്യങ്ങള്‍ക്കും അമേരിക്ക കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ലോകത്തെ പിടിച്ചുകുലുക്കാനാകുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് കരുതിയത്. പക്ഷേ പുടിന് തെറ്റിപ്പോയി. യുദ്ധം തടയാനുള്ള ശ്രമങ്ങളെ പുടിന്‍ അവഗണിച്ചതായി ബൈഡന്‍ പറഞ്ഞു. 'പുടിന്റെ യുദ്ധം പ്രകോപനരഹിതവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമാണ്. നയതന്ത്ര ശ്രമങ്ങള്‍ അദ്ദേഹം നിരസിച്ചു. പാശ്ചാത്യരും നാറ്റോയും പ്രതികരിക്കില്ലെന്ന് പുടിന്‍ കരുതി. കൂടാതെ, ഞങ്ങളെയെല്ലാം വിഭജിക്കാമെന്ന് അദ്ദേഹം കരുതി. പക്ഷേ, പുടിന് തെറ്റിപ്പോയി. ഞങ്ങള്‍ തയ്യാറെടുപ്പു നടത്തിയിരുന്നു.'

'റഷ്യയുടെ സമ്പദ്വ്യവസ്ഥ ആടിയുലയുകയാണ്, പുടിന്‍ മാത്രമാണ് കുറ്റക്കാരന്‍. തനിക്ക് ഉക്രെയ്നിലേക്ക് യഥേഷ്ടം ഉരുളാന്‍ കഴിയുമെന്നും ലോകം വിറച്ചുപോകുമെന്നും അദ്ദേഹം കരുതി. പകരം ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലുള്ള വന്‍ ശക്തിയുടെ മതിലിനെയാണ് ഉക്രേനിയന്‍ ജനതയിലൂടെ അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത്. പ്രസിഡന്റ് സെലെന്‍സ്‌കി മുതല്‍ എല്ലാ ഉക്രേനിയന്‍ പൗരന്മാരുടെയും, നിര്‍ഭയത്വവും ദൃഢനിശ്ചയവും ലോകത്തെ പ്രചോദിപ്പിക്കുന്നു.'

30 വര്‍ഷം മുമ്പ് ശീതയുദ്ധം അവസാനിച്ചതിന് ശേഷം റഷ്യയുമായുള്ള ബന്ധത്തിലെ ഏറ്റവും പിരിമുറുക്കമുള്ള കാലഘട്ടത്തോടുള്ള പാശ്ചാത്യരുടെ പ്രതികരണത്തില്‍ താന്‍ മുന്നിലാണെന്ന് പ്രസംഗത്തിലൂടെ ബൈഡനു വ്യക്തമാക്കാന്‍ കഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം അമേരിക്കന്‍ സേനയെ യുദ്ധത്തിലേക്ക് അയയ്ക്കാതെ സംഭവങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ബൈഡന്റെ കഴിവ് ജനങ്ങള്‍ ഉറ്റുനോക്കുകയാണെന്ന നിരീക്ഷണവുമുണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.