4000 ത്തോളം ആഡംബര കാറുകള്‍ കത്തി ചാമ്പലായി: ഫെലിസിറ്റി ഏയ്‌സിന് ഇനി അറ്റ്ലാന്റിക് സമുദ്രത്തില്‍ 'അന്ത്യനിദ്ര'

4000 ത്തോളം ആഡംബര കാറുകള്‍ കത്തി ചാമ്പലായി: ഫെലിസിറ്റി ഏയ്‌സിന് ഇനി അറ്റ്ലാന്റിക് സമുദ്രത്തില്‍ 'അന്ത്യനിദ്ര'

ബെര്‍ലിന്‍: ഫെബ്രുവരി 16 ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ വച്ച് തീപിടിത്തമുണ്ടായ ' ഫെലിസിറ്റി ഏയ്‌സ് ' എന്ന ജാപ്പനീസ് ചരക്കുകപ്പല്‍ പൂര്‍ണമായും മുങ്ങി.

നാലായിരത്തോളം ആഡംബര കാറുകളുമായി ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടതായിരുന്നു ഫെലിസിറ്റി ഏയ്‌സ്. കഴിഞ്ഞ ചൊവ്വാഴ്ച തീരമണയേണ്ട കപ്പലിന് തീ പിടിക്കുകയും പോര്‍ച്ചുഗലിലെ അസോറസ് ദ്വീപിന് 250 മൈല്‍ അകലെ കടലില്‍ മുങ്ങിത്താഴുകയുമായിരുന്നു.

പോര്‍ച്ചുഗലിന്റെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് രണ്ട് മൈല്‍ താഴ്ചയിലേക്കാണ് കപ്പല്‍ മുങ്ങിയത്. ഇവിടെ കടലില്‍ വളരെ കുറച്ച് അളവില്‍ അവശിഷ്ടങ്ങളും എണ്ണയും ഉണ്ടെന്നും ടഗ്‌ബോട്ടുകളുടെ സഹായത്തോടെ എണ്ണ നീക്കം ചെയ്യുന്നുണ്ടെന്നും പോര്‍ച്ചുഗീസ് നേവി അറിയിച്ചു.

ജിബ്രാള്‍ട്ടറില്‍ നിന്നെത്തിച്ച ഭീമന്‍ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് ഫെലിസിറ്റി ഏയ്‌സിലെ തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. തീ നിയന്ത്രണ വിധേയമായെന്ന് ഉടമസ്ഥരായ ജപ്പാനീസ് ഷിപ്പിംഗ് കമ്പനി മിറ്റ്സുയി ഒ.എസ്.കെ ലൈന്‍സ് അറിയിച്ചിരുന്നെങ്കിലും കപ്പല്‍ ഏകദേശം കത്തിനശിച്ചു കഴിഞ്ഞിരുന്നു.

കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാര്‍ തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെട്ടതോടെ കപ്പല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കാറുകളിലെ ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്ന് തീപടര്‍ന്നതാകാമെന്നാണ് കരുതുന്നത്.

650 അടി നീളമുള്ള ഫെലിസിറ്റി ഏയ്‌സില്‍ പോര്‍ഷെ, ഫോക്‌സ്വാഗണ്‍, ലംബോര്‍ഗിനി, ഓഡി തുടങ്ങിയ ആഡംബര  കാറുകളാണുണ്ടായിരുന്നത്. 1100 പോര്‍ഷെയും 189 ബെന്റ്ലിയുമുള്‍പ്പടെ 3965 കാറുകള്‍ കപ്പലിലുണ്ടായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗല്‍ തീരത്തെ അസോറസിന് തെക്ക് പടിഞ്ഞാറായി 90 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ സഞ്ചരിക്കവെയാണ് കപ്പലില്‍ തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും പോര്‍ച്ചുഗീസ് നേവി രക്ഷപെടുത്തി ഹെലികോപ്ടര്‍ മാര്‍ഗം ഫയാല്‍ ദ്വീപിലെത്തിച്ചിരുന്നു. ഇവര്‍ക്കാര്‍ക്കും പരിക്കുകളില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.