പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ കാസിമിര്‍

 പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ കാസിമിര്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 04

പോളണ്ടിലെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റെയും ഓസ്ട്രിയായിലെ എലിസബത്ത് രാജകുമാരിയുടെയും പതിമൂന്ന് മക്കളില്‍ മൂന്നാമനായിരുന്നു കാസിമിര്‍ രാജകുമാരന്‍. 1458 ഒക്ടോബര്‍ അഞ്ചിനാണ് ജനനം.

അഗാധ ഭക്തനും ചരിത്ര പണ്ഡിതനും മെത്രാനുമായിരുന്ന കാനന്‍ ജോണ്‍ ഡുഗ്ലോസയുടെ കീഴിലായിരുന്നു കാസിമിറിന്റെ വിദ്യാഭ്യാസം. ചെറുപ്പത്തില്‍ തന്നെ നല്ല ദൈവഭക്തനായിരുന്ന കാസിമിര്‍ ഭക്തിപരമായ കാര്യങ്ങള്‍ക്കും അനുതാപത്തിനും തന്നെ തന്നെ സമര്‍പ്പിച്ചു. തന്റെ രാത്രികളുടെ ഒരു നല്ല ഭാഗം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചിലവഴിച്ചു.

ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും പുറമെ ആവശ്യത്തിന് വസ്ത്രം പോലും ധരിക്കാതെ വെറും തറയില്‍ കിടന്നാണ് അവന്‍ ഉറങ്ങിയത്. സാധുക്കളോടുള്ള സ്നേഹത്തിനും അനുകമ്പയ്ക്കും അതിരില്ലായിരുന്നു. അങ്ങനെ ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായി മാറി കാസിമിര്‍.

പാവങ്ങളുടെ ഉന്നമനത്തിനായി അവന്‍ തനിക്കുള്ളതെല്ലാം ചിലവഴിച്ചു. കൂടാതെ തന്റെ പിതാവിന്റേയും ബൊഹേമിയയിലെ രാജാവായിരുന്ന തന്റെ സഹോദരന്‍ ലാഡിസ്ലാവൂസിന്റേയും പക്കല്‍ അവനുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് ദരിദ്രര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തു.

പരിശുദ്ധ അമ്മയോട് അപാരമായ ഭക്തിയുള്ള കുടുംബമായിരുന്നു കാസിമിറിന്റേത്. ലാറ്റിന്‍ സ്തുതിയായ ''ഓംനി ഡൈ മാരിയേ'' അദ്ദേഹം എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു. വിശുദ്ധന്റെ ആഗ്രഹ പ്രകാരം ആ സ്തുതിയുടെ ഒരു പകര്‍പ്പ് മൃതദേഹത്തോടൊപ്പം അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ബിറ്റില്‍സ്റ്റോണിന്റെ പരിഭാഷയില്‍ ഈ സ്‌തോത്ര ഗീതത്തെ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. 'ദിനംതോറും, ദിനംതോറും മറിയത്തിനായി പാടുവിന്‍' എന്ന ഈ സ്‌തോത്ര ഗീതം വിശുദ്ധ കാസിമിറിന്റെ ഗീതം എന്നാണു വിളിക്കപ്പെടുന്നത്.

അക്കാലത്ത് ഹംഗറിയിലെ ചില പ്രഭുക്കന്‍മാര്‍ തങ്ങളുടെ രാജാവായിരുന്ന മത്തിയാസ് കോര്‍വിനൂസിന്റെ ഭരണത്തില്‍ അസന്തുഷ്ടരായിരുന്നു. അതിനാല്‍ 1471 ല്‍ അവര്‍ പോളണ്ടിലെ രാജാവിനോട് അദ്ദേഹത്തിന്റെ മകനായ കാസിമിറിനെ തങ്ങളുടെ രാജാവായി വാഴിക്കുവാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ആ സമയത്ത് പതിനഞ്ചു വയസു പോലും ആകാത്ത കാസിമിര്‍ ഇതില്‍ ഒട്ടും തല്‍പ്പരനല്ലായിരുന്നു.

എന്നാലും തന്റെ പിതാവിനോട് അനുസരണക്കേടു കാണിക്കാതിരിക്കുന്നതിനായി ഒരു സൈന്യത്തേയും നയിച്ചുകൊണ്ട് അദ്ദേഹം അതിര്‍ത്തിയിലേക്ക് പോയി. എന്നാല്‍ മത്തിയാസ് ഒരു വലിയ സൈന്യത്തെ സജ്ജമാക്കിയിട്ടുള്ളതിനാലും തന്റെ സ്വന്തം സൈനികരില്‍ തന്നെ വലിയൊരു ഭാഗം തങ്ങളുടെ കൂലി കിട്ടിയിട്ടില്ല എന്ന കാരണത്താല്‍ ആ ഉദ്യമത്തില്‍ നിന്നും കൊഴിഞ്ഞുപോയതിനാലും കാസിമിര്‍ തന്റെ സൈനിക ഉദ്യോഗസ്ഥന്‍മാരുമായി കൂടിയാലോചിച്ച് അവിടെ നിന്നും തിരികെ പോരുവാന്‍ തീരുമാനിച്ചു.

ഇതിനിടെ രാജകുമാരനെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും അവന്റെ ആഗ്രഹ പ്രകാരം ജീവിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിക്‌സറ്റസ് നാലാമന്‍ മാര്‍പാപ്പ ഒരു ദൗത്യസംഘത്തെ കാസിമിര്‍ രാജാവിന്റെ പക്കലേക്കയച്ചു. രാജകുമാരന്‍ ചെയ്യുന്നത് ശരിയാണെന്ന ഉറച്ച വിശ്വാസമായിരുന്നു പാപ്പായെ ഇതിനു പ്രേരിപ്പിച്ചത്.

എന്നാല്‍ തന്റെ അഭിലാഷമായിരുന്ന സൈനിക ഉദ്യമത്തിന്റെ പരാജയത്തില്‍ രോഷം പൂണ്ട കാസിമിര്‍ രാജാവ് തന്റെ മകനായ കാസിമിറിനെ ക്രാക്കോവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും ഡോബ്‌സ്‌കി കൊട്ടാരത്തിലേക്ക് നാടുകടത്തുകയും ചെയ്തു. യാതൊരു എതിര്‍പ്പും കൂടാതെ അദ്ദേഹം അതനുസരിക്കുകയും മൂന്ന് മാസക്കാലത്തോളം ആ കൊട്ടാരത്തില്‍ തടവില്‍ കഴിയുകയും ചെയ്തു.

യുദ്ധത്തില്‍ നടക്കുന്ന അനീതിയെക്കുറിച്ച് മനസിലാക്കിയ കാസിമിര്‍, പരസ്പര വിനാശകരവും തുര്‍ക്കികള്‍ക്ക് യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഈ യുദ്ധങ്ങളില്‍ ഇനി ഒരിക്കലും പങ്കെടുക്കുകയില്ലെന്ന് ഉറച്ച തീരുമാനമെടുത്തു. വീണ്ടുമൊരിക്കല്‍കൂടി പിതാവും ഹംഗറിയിലെ പ്രഭുക്കളും ആവശ്യപ്പെട്ടിട്ടു പോലും അദ്ദേഹം പിന്നീടൊരിക്കലും ആയുധം എടുത്തില്ല. തന്റെ പഠനങ്ങളിലേക്കും പ്രാര്‍ത്ഥനകളിലേക്കും തിരികെ പോന്ന അദ്ദേഹം പിതാവിന്റെ അഭാവത്തില്‍ കുറേക്കാലം പോളണ്ടിലെ വൈസ്രോയിയായി സേവനമനുഷ്ട്ടിച്ചു.

ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക് മൂന്നാമന്റെ മകളെ വിവാഹം കഴിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും കാസിമിര്‍ അത് നിരാകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 1484 ല്‍ തന്റെ 26-മത്തെ വയസില്‍ അദ്ദേഹം മരണപ്പെട്ടു. 1522 ല്‍ പോപ്പ് ആഡ്രിയന്‍ ആറാമന്‍ കാസിമിറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

വില്‍നായിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടത്തെ സെന്റ് സ്റ്റാന്‍സിലാവൂസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കബറിടത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗീയ മധ്യസ്ഥനാണ് വിശുദ്ധ കാസിമിര്‍.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ട്രെവെസിലെ ബാസിനൂസ്

2. മേയ് ദ്വീപിലെ അഡ്രിയനും കൂട്ടരും

2. റഷ്യന്‍ മിഷനറിമാരായ അഗാത്തോഡോറൂസ്, ബാസില്‍, എവുജീന്‍, എല്‍പീഡിയൂസ്, എഥെരിയൂസ്, കാപിറ്റോ, എഫ്രേം, നെസ്റ്റേര്‍, അര്‍കേഡിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26