ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കണം.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയിലെ എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണമെന്ന ആവശ്യം സംബന്ധിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടകയ്ക്ക് കെട്ടിടമെടുത്ത് സ്‌കൂളുകള്‍ സ്ഥാപിക്കണം. സ്ഥിരം അധ്യാപകര്‍ ഇല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കണം. ഇതിനായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
എയ്ഡഡ് മേഖലയ്ക്ക് ഈ ഉത്തരവ് ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തത വരുത്തി. ട്രസ്റ്റുകള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പുതുതായി തുടങ്ങുന്ന സ്‌കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനവും അധ്യാപക നിയമനവും സുതാര്യമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.