പുടിന്റെ അടുപ്പക്കാരായ അതിസമ്പന്നര്‍ക്കു മേല്‍ സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

 പുടിന്റെ അടുപ്പക്കാരായ അതിസമ്പന്നര്‍ക്കു മേല്‍ സാമ്പത്തിക ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഉക്രെയ്‌നെതിരായ റഷ്യയുടെ അധിനിവേശ തേരോട്ടം ഒരാഴ്ച പിന്നിടുമ്പോള്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്ക. റഷ്യന്‍ അതിസമ്പന്നര്‍ക്കും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ബന്ധമുള്ള പ്രമുഖര്‍ക്കും കര്‍ശന സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. വിലക്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ബാധകമായിരിക്കും.

പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് ഉള്‍പ്പെടെയുള്ള റഷ്യന്‍ ഉന്നതര്‍ക്കും വ്യക്തികള്‍ക്കുമെതിരെയുമാണ് വൈറ്റ് ഹൗസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും വിസ നയങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക ശ്രംഖലയില്‍ നിന്നാകെ ഈ വ്യക്തികള്‍ പുറത്താക്കപ്പെടും. ഏതെങ്കിലും വിധത്തില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവരുടെ അമേരിക്കയിലുള്ള എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'റഷ്യന്‍ ഉന്നതരും അവരുടെ കുടുംബാംഗങ്ങളും നമ്മുടെ അധികാരപരിധിയില്‍ കൈവശം വച്ചിരിക്കുന്ന സ്വത്തുക്കള്‍ - അവരുടെ നൗകകള്‍, ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, പണം, മറ്റ് അനധികൃത സമ്പാദ്യം എന്നിവ - കണ്ടെത്തി മരവിപ്പിക്കും.' യുണൈറ്റഡ് സ്റ്റേറ്റ്സും ലോകമെമ്പാടുമുള്ള വിവിധ ഗവണ്‍മെന്റുകളും ഇതിനായി ഒരുമിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

റഷ്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നേരത്തെ കൈക്കൊണ്ട നടപടികളുമായി അമേരിക്കയുടെ ഉപരോധവും പൊരുത്തപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള യാത്രാ നിരോധനവും ഈ വ്യക്തികളെ ബാധിക്കും. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വത്ത് കൈമാറുന്നതിനും അതോടെ കഴിയാതാകും.

'ഞെരുക്കുന്നത് പുടിനെ തന്നെ '

'റഷ്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരില്‍ ഒരാളുടേത് ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേരുകള്‍ ഞങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുന്നു. കൂടാതെ 50-ലധികം റഷ്യന്‍ പ്രഭുക്കന്മാരും അവരുടെ കുടുംബങ്ങളും അവരുടെ അടുത്ത കൂട്ടാളികളും അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതും ഞാന്‍ നിരോധിക്കുന്നു,'- പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഉക്രേനിയന്‍ ജനത മിസൈലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സബ്വേകളില്‍ ഒളിച്ചിരിക്കുമ്പോള്‍ റഷ്യന്‍ ജനതയുടെ പണം കൊണ്ട് തങ്ങളുടെ പോക്കറ്റുകള്‍ നിറയ്ക്കുകയാണ് ഈ പട്ടികയില്‍ വരുന്ന വ്യക്തികള്‍' എന്ന് ബൈഡന്‍ ആരോപിച്ചു. മോസ്‌കോയ്ക്കെതിരെ ' ചരിത്രത്തിലെ ഏറ്റവും ശക്തവും ഏകീകൃതവുമായ സാമ്പത്തിക ആഘാത കാമ്പെയ്ന്‍' നിലനിര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ശതകോടീശ്വരന്‍ വ്യവസായി അലിഷര്‍ ഉസ്മാനോവ്, മുന്‍ ഉപപ്രധാനമന്ത്രി ഇഗോര്‍ ഷുവലോവ് തുടങ്ങിയവര്‍ക്കെതിരായ സമ്പൂര്‍ണ ആസ്തി മരവിപ്പിക്കലും യാത്രാ നിരോധനവും 'പ്രഭുക്കന്മാരുടെ പ്രിയപ്പെട്ട സ്ഥലമായ' ബ്രിട്ടന്‍ പ്രഖ്യാപിച്ചു.ബ്രിട്ടനില്‍ 19 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സ്വത്തുള്ള ഉസ്മാനോവ്-ഷുവലോവ് ജോഡിക്ക് ക്രെംലിനുമായി അടുത്ത ബന്ധമുണ്ടെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇതോടെ ബ്രിട്ടീഷ് ഉപരോധം ബാധിച്ച പ്രഭുക്കന്മാരുടെ എണ്ണം 15 ആയി.

ഉസ്മാനോവ് ഉള്‍പ്പെടെയുള്ള പലരെയും വൈറ്റ് ഹൗസ് തരം തിരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ' - അദ്ദേഹത്തിന്റെ സ്വത്ത് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയും. സൂപ്പര്‍ യാച്ചും സ്വകാര്യ ജെറ്റും ഉള്‍പ്പെടെ. പുടിനെ 'ഞെരുക്കുക'യാണ് ആസ്തി മരവിപ്പിക്കലും യാത്രാ നിരോധനവും വഴി ലക്ഷ്യമാക്കുന്നതെന്ന ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പുടിന്‍ തന്നെയാണ് ഉപരോധത്തിന്റെ ആത്യന്തിക ലക്ഷ്യം.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.