'ഇസ്ലാമിക യുദ്ധവിമാനം'നിര്‍മ്മിച്ച് ലോകശക്തികളെ ഞെട്ടിക്കും; സംയുക്ത പദ്ധതിക്കു തുടക്കമിട്ട് തുര്‍ക്കിയും പാകിസ്താനും

'ഇസ്ലാമിക യുദ്ധവിമാനം'നിര്‍മ്മിച്ച് ലോകശക്തികളെ ഞെട്ടിക്കും; സംയുക്ത പദ്ധതിക്കു തുടക്കമിട്ട് തുര്‍ക്കിയും പാകിസ്താനും

അങ്കാറ/ഇസ്‌ളാമബാദ്: ലോകശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ തക്ക സംഹാര ശേഷി പേറുന്ന 'ഇസ്ലാമിക യുദ്ധവിമാനം' നിര്‍മ്മിക്കാന്‍ കൈകോര്‍ത്ത് പാകിസ്താനും തുര്‍ക്കിയും. സംയുക്തമായി ഇസ്ലാമിക യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. രാജ്യ തലവന്മാരായ ഇമ്രാന്‍ഖാനും തയ്യിപ് എര്‍ദോഗനും തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തങ്ങള്‍ക്ക് ഇനി സുരക്ഷയൊരുക്കാന്‍ ഇസ്ലാമിക് വേള്‍ഡ് ഫൈറ്റര്‍ ജറ്റുകള്‍ തന്നെ വേണമെന്ന തീരുമാനമുണ്ടായത്.

ഇന്നത്തെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നതില്‍ ഏറ്റവും മികച്ച തരം അഞ്ചാം തലമുറ ടിഎഫ്-എക്‌സ് ജെറ്റുകള്‍ തന്നെ നിര്‍മ്മിക്കാനാണ് തീരുമാനം. അമേരിക്കയില്‍ നിന്നുള്ള എഫ്-16, ഫ്രാന്‍സിന്റെ റഫാല്‍, മിറാഷ് തുടങ്ങിയവ മാറ്റി പകരം തങ്ങളുടെ സ്വന്തം ബ്രാന്‍ഡ് എന്നതാണ് ലക്ഷ്യം. നിലവില്‍ ഉപയോഗിക്കുന്ന ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-16 വിമാനങ്ങള്‍ക്കാകും ആദ്യം പകരക്കാരനുണ്ടാവുന്നത്. 2023 ല്‍ വിമാനത്തിന്റെ പ്രോട്ടോടൈപ് പുറത്തിറക്കാനും 2026 ല്‍ ആദ്യ ബാച്ച് നിര്‍മ്മിക്കാനുമാണ് പദ്ധതി.

ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടെമല്‍ കോട്ടില്‍ പാകിസ്ഥാനുമായി ചേര്‍ന്ന് അഞ്ചാം തലമുറ ടിഎഫ്-എക്‌സ് ജെറ്റുകള്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.പാകിസ്താനിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി തലവന്‍ എയര്‍ വൈസ് മാര്‍ഷല്‍ ഡോ.റിസ്വാന്‍ റിയാസും ഇക്കാര്യം വ്യക്തമാക്കി. സാങ്കേതിക സഹായത്തിന് ഏത് രാജ്യങ്ങളെ ബന്ധപ്പെടും എന്നത് ഇരുവരും വ്യക്തമാക്കിയിട്ടില്ല.ചൈനയെ ആകും ആശ്രയിക്കുക എന്നു റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാനുളള പദ്ധതി ഇരുരാജ്യങ്ങളും ചേര്‍ന്ന് 2011 ല്‍ തന്നെ ആരംഭിച്ചിരുന്നു. തുര്‍ക്കിയുടെ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് ആകും പദ്ധതി നയിക്കുക. പാകിസ്താനില്‍ നിന്നുളള എന്‍ജിനീയര്‍മാരെ പദ്ധതിക്കായി റിക്രൂട്ട് ചെയ്യും. 21 ബില്യന്‍ ഡോളറാണ് യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിനായി ചെലവാക്കുക. 7.3 ബില്യന്‍ ഡോളര്‍ വിമാനത്തിന്റെ രൂപകല്‍പനയ്ക്കും അത് വികസിപ്പിക്കാനും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. സ്വന്തം നിലയില്‍ വിമാനം വികസിപ്പിക്കാന്‍ വേണ്ടി വരുന്ന സാമ്പത്തിക ബാദ്ധ്യതയാണ് പാകിസ്താനെ കൂട്ടുപിടിക്കാന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചത്.

ചൈനയുടെ തുണ തേടിയേക്കും

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാന്‍ കഴിയാത്തതിനാലാണ് തുര്‍ക്കി പാകിസ്ഥാനുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, 'ചൈനയുടെ ചില സൈനിക സാങ്കേതിക വിദ്യകളുമായി തുര്‍ക്കിയെ അടുപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണെന്ന് പാകിസ്ഥാനുമായുള്ള സഹകരണമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


യുഎസുമായുള്ള തുര്‍ക്കിയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ വിമാന പദ്ധതിയും ആവശ്യമായി വന്നത്. തുടക്കത്തില്‍, യുഎസില്‍ നിന്ന് എഫ്-35 വിമാനങ്ങള്‍ വാങ്ങാന്‍ എര്‍ദോഗന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, തുര്‍ക്കി പിന്നീട് റഷ്യന്‍ എസ്-400 മിസൈല്‍ സംവിധാനം വാങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും ശേഷം, അമേരിക്ക സ്റ്റെല്‍ത്ത് ഫൈറ്റര്‍ പദ്ധതിയില്‍ നിന്ന് രാജ്യത്തെ പുറത്താക്കി.

ഇതാദ്യമായല്ല തുര്‍ക്കിയും പാക്കിസ്ഥാനും പ്രതിരോധ കരാറില്‍ സഹകരിക്കുന്നത്.ഹെലികോപ്റ്ററുകള്‍ വാങ്ങല്‍, ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കല്‍ തുടങ്ങി നിരവധി പ്രതിരോധ പദ്ധതികളില്‍ ഇരുരാജ്യങ്ങളും നേരത്തെ തന്നെ പങ്കാളികളാണ്. 2021 ജൂലൈയില്‍ തുര്‍ക്കിയും പാകിസ്ഥാനും സൈനിക മേഖലയില്‍, പ്രത്യേകിച്ച് പരിശീലനത്തിലും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും തങ്ങളുടെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സമ്മതിച്ചു.ആളില്ലാതെ പറക്കുന്ന മിലിട്ടറി ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനായി ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്റെ നാഷണല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് കമ്മീഷനുമായി കരാര്‍ ഒപ്പിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.