ചൈനയ്ക്കു മുന്‍കയ്യുള്ള ബാങ്കില്‍ നിന്ന് പുടിന് കനത്ത അടി: 'റഷ്യയുമായുള്ള ബിസിനസ് നിര്‍ത്തി'

ചൈനയ്ക്കു മുന്‍കയ്യുള്ള ബാങ്കില്‍ നിന്ന് പുടിന്  കനത്ത അടി: 'റഷ്യയുമായുള്ള ബിസിനസ് നിര്‍ത്തി'

ബീജിംഗ്: റഷ്യയുമായും ബെലാറസുമായും ബന്ധപ്പെട്ട ബിസിനസ്സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈനയുടെ പിന്തുണയുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്. 'ബാങ്കിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ' തീരുമാനമെന്ന് എഐഐബി മാനേജ്‌മെന്റ് അറിയിച്ചു.

ലോക രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തില്‍ കുരുങ്ങിയ റഷ്യക്ക് കനത്ത ആഘാതമായി ചൈനീസ് മുന്‍കയ്യോടെയുള്ള ഈ നടപടി. ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചു വരികയാണെന്നും ഗ്രൂപ്പിന്റെ സാമ്പത്തിക സമഗ്രത സംരക്ഷിക്കാന്‍ മാനേജ്‌മെന്റ് പരമാവധി ശ്രമിക്കുമെന്നും എഐഐബി അറിയിച്ചു.റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം അടുത്ത കാലത്തായി ദൃഢമാക്കിയ ചൈന, ഉക്രെയ്ന്‍ അധിനിവേശത്തില്‍ മോസ്‌കോയെ വിമര്‍ശിക്കുന്നത് ഇതുവരെ ഒഴിവാക്കിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആശയമായ ബഹുമുഖ ധനകാര്യ സ്ഥാപനത്തിലെ ഏറ്റവും വലിയ പങ്കാളിയാണ് 27% വോട്ടുള്ള ബീജിംഗ്.ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും മേലുള്ള പാശ്ചാത്യരുടെ ആധിപത്യത്തെ ചെറുക്കാനാണ് 2016ല്‍ ബാങ്ക് ആരംഭിച്ചത്.എഐഐബിയുടെ സ്ഥാപക അംഗങ്ങളില്‍ ഏകദേശം 6 % വോട്ട് ഉള്ള റഷ്യയും ഉള്‍പ്പെടുന്നു. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും റഷ്യക്കു സ്ഥാനമുണ്ട്.

ഏതാണ്ട് എഐഐബിയുടെ സമാന ലക്ഷ്യങ്ങളോടെ അതേ സമയം സ്ഥാപിതമായ ഷാങ്ഹായ് ആസ്ഥാനമായുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കും റഷ്യയിലെ പുതിയ ഇടപാടുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളും ബിസിനസ്സുകളും റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നും അകന്നുപോകാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.റഷ്യയും ബെലാറസും എഐഐബിയില്‍ അംഗങ്ങളാണെങ്കിലും ഉക്രെയ്‌ന് അംഗത്വമില്ല.

എഐഐബി വെബ്സൈറ്റിലെ വെളിപ്പെടുത്തലുകള്‍ കാണിക്കുന്നത്, ഇതുവരെ 800 മില്യണ്‍ ഡോളര്‍ ധനസഹായത്തോടെ രണ്ട് റഷ്യന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ്. പൊതുജനാരോഗ്യം, ഗതാഗതം എന്നീ മേഖലകളില്‍ ബെലാറസിനായി രണ്ട് പദ്ധതികളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.'എഐഐബി അയവോടെയും വേഗത്തിലും ധനസഹായം നല്‍കാനും യുദ്ധം പ്രതികൂലമായി ബാധിച്ച അംഗങ്ങളെ പിന്തുണയ്ക്കാനും തയ്യാറാണ്,' കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ബാങ്ക് അറിയിച്ചു.

ലോകബാങ്കിന്റെ ഘടക സ്ഥാപനങ്ങളായ ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ എന്നിവയേക്കാള്‍ വളരെ പിന്നിലാണ് ഇപ്പോഴും എഐഐബി ആസ്തികളുടെ കണക്ക്. എഐഐബി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ ഏകദേശം 40 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഐബിആര്‍ഡിയുടെയും ഐഡിഎയുടെയും ആസ്തി 536 ബില്യണ്‍ ഡോളറിലധികമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.