തിരുവനന്തപുരം: ടാര്‍ ചെയ്തതിനു പിന്നാലെ റോഡുകള്‍ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്താനൊരുങ്ങി ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും. ഇതിനായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയാറാക്കാന്‍ ഇരു വകുപ്പുകളും തയാറെടുപ്പുകള്‍ തുടങ്ങി. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.
റോഡ് വെട്ടിപ്പൊളിക്കല്‍ വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ജനുവരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനും പൈപ്പ് ഇടല്‍ ജോലി അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാനും ഇരുവകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇരുവകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നിരീക്ഷണ സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
സമിതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതനുസരിച്ച് റോഡ് പുതിയതായി ടാര്‍ ചെയ്ത് പണി പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തിന് ശേഷം മാത്രമേ പൈപ്പിടലിനായി കുഴിക്കാന്‍ അനുമതി നല്‍കാവൂ എന്നതാണ് പ്രധാനപ്പെട്ട നിര്‍ദേശം. എന്നാല്‍ ചോര്‍ച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് അനുവദിക്കും. ഇതിന് പുറമെ അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കും ഒരുവര്‍ഷമെന്ന നിബന്ധനയില്‍ നിന്ന് ഇളവ് ലഭിക്കും.
കൂടാതെ റോഡുകളില്‍ നടക്കാന്‍ പോകുന്ന ജോലിയുടെ കലണ്ടര്‍, ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യണം. അടിയന്തര ജോലികള്‍ക്കായി അനുമതി നല്‍കാന്‍ റോ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കും. പൊതുമരാമത്ത് റോഡുകളുടെ സമീപമുള്ള വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനില്‍ ഉണ്ടാകുന്ന ചോര്‍ച്ച പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര അനുമതിക്ക് ഇതേ പോര്‍ട്ടലിലൂടെ തന്നെ അപേക്ഷിച്ചാല്‍ മതിയാകും.
അതുപോലെ ഉത്തരവാദിത്ത കാലാവധി കഴിഞ്ഞ റോഡുകളിലെ ചോര്‍ച്ച അടയ്ക്കുന്നതിനു മുന്‍കൂറായി തുക കെട്ടിവയ്ക്കേണ്ട ആവശ്യമില്ല. പൊതുമരാമത്ത് വകുപ്പിനെ വിവരം ധരിപ്പിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പുതിയ പൈപ്പ് കണക്ഷനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കുഴിക്കുന്നതു മുതല്‍ മുന്‍ നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതു വരെയുള്ള ഉത്തരവാദിത്തം ജല അതോറിറ്റിക്ക് ആയിരിക്കും. കുഴിക്കുന്നതിനു മുന്‍പുള്ള അതേ നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ജല അതോറിറ്റിക്കാണ്. ഇതിനൊപ്പം അവര്‍ ചെയ്ത ജോലികളുടെ വിശദമായ ബോര്‍ഡും സ്ഥാപിക്കണം.
അറ്റകുറ്റപ്പണികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കാണ്. ഇതിനൊപ്പം ഇരു വകുപ്പുകളിലെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തലത്തില്‍ സംയുക്ത പരിശോധനയും നടത്തണം. പൈപ്പ് ഇടുന്നതിനു കുഴിക്കുന്ന റോഡുകള്‍ നിശ്ചിത കാലയളവിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കണം. റോഡ് കുഴിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം രേഖപ്പെടുത്തും.
ഡിഫക്ട് ലയബിലിറ്റി പീരിയഡിലുള്ള (ഡി.എല്‍.പി.) റോഡുകള്‍ കുഴിക്കും മുന്‍പ് പുനര്‍ നിര്‍മ്മാണത്തിനുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിനു ജല അതോറിറ്റി കെട്ടിവയ്ക്കണം. നിശ്ചിത കാലത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡെപ്പോസിറ്റ് തുകയില്‍ നിന്ന് ആനുപാതികമായ തുക ഈടാക്കും.
റോഡുകള്‍ ടാറിങ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇരുവകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതോടെ പുതിയ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാകുമെന്ന് പ്രതീക്ഷിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.