'ഇനി കൊച്ചിയുടെ രാത്രി സൗന്ദര്യം ഡബിള്‍ ഡെക്കറില്‍ ആസ്വദിക്കാം'; ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്

'ഇനി കൊച്ചിയുടെ രാത്രി സൗന്ദര്യം ഡബിള്‍ ഡെക്കറില്‍ ആസ്വദിക്കാം'; ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന്

കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, മൂന്നാര്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ഡബിള്‍ ഡക്കര്‍ സര്‍വീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിള്‍ ഡക്കര്‍ എത്തിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് കെഎസ്ആര്‍ടിസി ജെട്ടി സ്റ്റാന്‍ഡില്‍വച്ച് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈന്‍ ഡ്രൈവ്, കാളമുക്ക്, വല്ലാര്‍പാടം ചര്‍ച്ച്, ഹൈകോര്‍ട്ട് വഴി വൈകുന്നേരം 7:40 ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഫിറ്റ്നെസ് തീര്‍ന്ന 34 വര്‍ഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമര്‍ശനവും മഴക്കാലത്ത് തുറന്ന മേല്‍ക്കൂരയുള്ള ബസ് ഓടിക്കുന്നതിന്റെ ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ കാണാം.

'ആഹാ വെറും 34 വര്‍ഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തന്‍ വണ്ടി ആണല്ലോ. 'ഇതോടെ കൊച്ചിയില്‍ കെഎസ്ആര്‍ടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാന്‍ഡും'ഇങ്ങനെ പോകുന്നു സാമൂഹിക മാധ്യമത്തിലെ കമന്റുകള്‍. 'മഴക്കാലത്ത് യാത്ര ബുദ്ധിമുട്ടാകും. മുകളില്‍ ട്രാന്‍സ്പേരന്റ് ഷീറ്റ് കവര്‍ ചെയ്താല്‍ നന്നായിരിക്കും' എന്ന് കമന്റ് ചെയ്തവരും ഉണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.