ഓസ്‌ട്രേലിയയിലെ റെക്കോര്‍ഡ് വെള്ളപ്പൊക്കത്തിന് കാരണം എന്ത്? ഗവേഷകര്‍ പറയുന്നത്

ഓസ്‌ട്രേലിയയിലെ റെക്കോര്‍ഡ് വെള്ളപ്പൊക്കത്തിന് കാരണം എന്ത്? ഗവേഷകര്‍ പറയുന്നത്

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ കനത്ത നാശം വിതച്ച അസാധാരണ മഴയും വെള്ളപ്പൊക്കവും ലാ നിന എന്ന കാലാവസ്ഥാ പ്രതിഭാസം തുടര്‍ച്ചയായി രൂപപ്പെട്ടതിന്റെ പ്രതിഫലനമെന്ന് വിദഗ്ധര്‍. ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനങ്ങളില്‍ നഗരങ്ങളെ വെള്ളത്തിനടിയിലാക്കുകയും അഞ്ചു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യേണ്ടി വന്ന മഴ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. പല പ്രദേശങ്ങളെയും പൂര്‍ണമായി മുക്കിയ മഴയില്‍ നദികളില്‍ ജലനിരപ്പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.

തുടര്‍ച്ചയായ രണ്ട് ലാ നിന കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സംയോജനമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ന്യൂ സൗത്ത് വെയില്‍സ് കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകയായ നീന റിഡര്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്ക് സമീപം പസഫിക് സമുദ്രം മഴയ്ക്ക് അനുകൂലമായി ചൂടാകുന്നതാണ് ലാ നിന. അതേസമയം തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള കിഴക്കന്‍ പസഫിക്കിലെ സമുദ്രജലം അസാധാരണമാംവിധം തണുക്കുകയും ചെയ്യും. ലാ നിന നീരാവി പ്രവാഹത്തിന്റെ തോത് വര്‍ധിപ്പിക്കും. ലാ നിനയുടെ ശക്തി വര്‍ധിക്കുമ്പോള്‍ അത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും കാരണമാകും.

തുടര്‍ച്ചയായ ലാ നിന പ്രതിഭാസം അസാധാരണമാണെന്ന് ഗവേഷകര്‍ പറയുന്നു. ഏകദേശം മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോഴാണ് ലാ നിന സംഭവിക്കുന്നത്. 1900 മുതല്‍ ഓസ്ട്രേലിയയില്‍ 30 ലാ നിന ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വേനലിലും ജലസംഭരണികള്‍ അതിന്റെ പരമാവധി ശേഷിയില്‍ എത്തിയിരുന്നു. അതിനു പുറമേയാണ് മഴവെള്ളം കൂടി വന്നത്. ഇതു വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു.

കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കു പ്രകാരം (ബ്യൂറോ ഓഫ് മെറ്റീരിയോളജി) 1900 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ആറാമത്തെ മഴയാണ് ഇക്കുറി ന്യൂ സൗത്ത് വെയില്‍സില്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു സംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകളെയാണ് വീടുകളില്‍നിന്ന് ഒഴിപ്പിച്ചത്.

ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ ക്വീന്‍സ് ലാന്‍ഡ് തലസ്ഥാനമായ ബ്രിസ്ബനില്‍ 676 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണയായി ഒരു വര്‍ഷംകൊണ്ടു പെയ്യുന്ന മഴയുടെ പകുതിയോളം വരും. രണ്ടു സംസ്ഥാനങ്ങളിലുമായി 14 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്.

43,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന ലിസ്മോറിലെ വില്‍സണ്‍ നദി റെക്കോര്‍ഡ് ഉയരത്തിലെത്തി-14.11 മീറ്റര്‍. മുന്‍ റെക്കോര്‍ഡിനേക്കാള്‍ രണ്ടു മീറ്റര്‍ കൂടുതല്‍. സമാനമായി പല നദികളിലെയും ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും ശക്തമായ ലാ നിന ഉണ്ടായത് 1917-18, 1955-56, 1975-76, 2010-12 വര്‍ഷങ്ങളിലാണ്.

2010-11 വേനല്‍ക്കാലത്ത് ക്വീന്‍സ് ലാന്‍ഡിലുണ്ടായ പ്രളയത്തില്‍ 33 പേര്‍ മരിച്ചു. 29,000 വീടുകള്‍ വെള്ളത്തിനടിയിലായി, സംസ്ഥാനത്തിന്റെ 78 ശതമാനത്തിലേറെയും ദുരന്തമേഖലയായി പ്രഖ്യാപിക്കപ്പെട്ടു. 2012 മാര്‍ച്ചില്‍, ന്യൂ സൗത്ത് വെയിസിന്റെ 75 ശതമാനവും വെള്ളപ്പൊക്കം ബാധിച്ചു.

അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകും. ഇത്തരം കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ട സാഹചര്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26