യുദ്ധക്കുറ്റം: റഷ്യക്കെതിരായ അന്വേഷണത്തിന് യു.എന്‍ കമ്മീഷന്‍ ; വീണ്ടും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇന്ത്യ

 യുദ്ധക്കുറ്റം: റഷ്യക്കെതിരായ അന്വേഷണത്തിന് യു.എന്‍ കമ്മീഷന്‍ ; വീണ്ടും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇന്ത്യ


ജനീവ: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ധ്വംസന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടന കമ്മിഷനെ നിയോഗിക്കും. കമ്മിഷനെ നിയോഗിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ 47 അംഗ സമിതിയിലെ 32 അംഗ രാജ്യങ്ങള്‍ അനുകൂലിച്ചു.

ഇന്ത്യ, ചൈന, വെനസ്വേല, ക്യൂബ എന്നിവയുള്‍പ്പെടെ 13 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.റഷ്യയും എറിത്രിയയും എതിര്‍ത്തു.ശരിയായ ലക്ഷ്യത്തിനായി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നെന്നും ലോകം മുഴുവന്‍ റഷ്യയ്ക്ക് എതിരാണെന്നും ഉക്രെയ്ന്‍ അംബാസഡര്‍ പറഞ്ഞു. ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയും റഷ്യ യുദ്ധക്കുറ്റം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ ഉത്തരവായിരുന്നു. ഉക്രെയ്‌നടക്കം 38 രാജ്യങ്ങളുടെ പരാതിയിലാണ് അന്വേഷണം. എന്നാല്‍, രാജ്യാന്തര നീതിന്യായക്കോടതിയില്‍ അംഗമല്ലാത്ത റഷ്യ അന്വേഷണ നടപടി തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് 96 രാജ്യങ്ങളുടെ പിന്തുണയോടെ യു.എന്‍ ജനറല്‍ അസംബ്‌ളിയില്‍ അവതരിപ്പിച്ച പ്രമേയം 141 രാജ്യങ്ങളുടെ പിന്തുണയോടെ നേരത്തെ പാസാക്കിയപ്പോഴും 191 അംഗങ്ങളില്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഉക്രെയ്‌ന്റെ പരമാധികാരവും സ്വാതന്ത്യവും അതിര്‍ത്തിയും സംരക്ഷിക്കണമെന്നും റഷ്യന്‍ സേന നിരുപാധികം ഉക്രെയ്‌നില്‍ നിന്ന് പിന്‍മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നേരത്തെ യു.എന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലും ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.റഷ്യയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമം തുടരുമെന്ന് അമേരിക്ക തുടര്‍ന്നു വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഉക്രെയ്‌നില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന്' യു. എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി, വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതിനെക്കുറിച്ചുള്ള വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ പ്രവൃത്തികള്‍ ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുമ്പോഴും മോസ്‌കോയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ക്കിടയില്‍ ബാലന്‍സ് തെറ്റാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അയല്‍രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിര്‍ത്തിയിലെ കൈകടത്തലുകള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു രാജ്യം, മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതിനെ അപലപിക്കാതിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന വാദവും ഒപ്പം ഉയരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.