ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുദ്ധം നടക്കുന്ന ഉക്രെയ്‌നിലെ രണ്ടു നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാഹ എന്നിവിടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. മറ്റ് മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ വ്യക്തതയില്ല. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 12.50 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കുമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിന്റെ സമയപരിധി സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ആറു മണിക്കൂര്‍ സമയത്തേക്കു വെടിനിര്‍ത്തല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വെടിനിര്‍ത്തല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് സഹായകമാവുമോയെന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഉക്രെയ്‌നിലെ സുമി, ഖാര്‍ക്കീവ് നഗരങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തുറമുഖ നഗരമായ മരിയുപോള്‍ വളഞ്ഞ റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണം നിലച്ചു. കീവിന് അടുത്തുള്ള ഇര്‍പിന്‍ നഗരത്തിലെ സൈനിക ആശുപത്രിയില്‍ റഷ്യന്‍ സൈന്യം ബോംബ് ആക്രമണം നടത്തി.

റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ അറിയിച്ചു. 840 പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായ ഒലെക്സി ഡാനിലോവ് പറഞ്ഞു. ആക്രമണം നടക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കണമെന്നും ഡാനിലോവ് അഭ്യര്‍ത്ഥിച്ചു.

കീവിലെ ബുച്ച നഗരത്തില്‍ കാറില്‍ പോകുകയായിരുന്ന സാധാരണക്കാരുടെ കാറിന് നേര്‍ക്ക് റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തു. 17 വയസുള്ള പെണ്‍കുട്ടി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഉക്രെയ്ന്‍ നഗരമായ സുമിയിലും ചെര്‍ണീവിലും റഷ്യ വ്യോമാക്രമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.