വാഷിങ്ടണ്‍: മൂന്ന് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം മണിക്കൂറില്‍ 9,300 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ഇതേതുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വീതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഏഴ് വര്‍ഷം ബഹിരാകാശത്ത് സഞ്ചാരിച്ച ശേഷമാണ് റോക്കറ്റിന്റെ ഭീമന്‍ ഭാഗം ചന്ദ്രനില്‍ പതിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. റോക്കറ്റിന്റെ ഭാഗം ഇടിച്ചിറങ്ങിയതിന്റെ ആഘാതം സ്ഥിരീകരിക്കാന്‍ ആഴ്ചകള്‍, മാസങ്ങള്‍ പോലും എടുത്തേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സംഭവം നടക്കുമ്പോള്‍ നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ മറ്റൊരു ഭാഗത്തായിരുന്നു. ഇതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിച്ചിട്ടില്ല. റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച് വിശദ പഠനം നടത്തുമെന്ന് ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ ഡെപ്യൂട്ടി പ്രോജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.
ചൈനീസ് ബഹിരാകാശ ഏജന്‍സിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ല്‍ വിക്ഷേപിച്ച ചാങ്ഇ 5-ടി1 ദൗത്യത്തിന്റെ ബൂസ്റ്ററായ 2014-065ബി ആണ് നിയന്ത്രണം വിട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത്. ശാസ്ത്രജ്ഞനായ ബില്‍ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആദ്യം നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടമാണെന്നായിരുന്നു ഗ്രേ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ചൈന ഇക്കാര്യം നിഷേധിച്ചു. റോക്കറ്റ് സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചതായി അവകാശപ്പെട്ടു.
ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റുകളും ഉപേക്ഷിച്ച നിലയങ്ങളും ഭൂമിയിലുള്ളവര്‍ക്ക് എന്നും ഭീഷണിയാകാറുണ്ട്. ചൈന വിക്ഷേപിച്ച റോക്കറ്റുകളുടെ ഭാഗങ്ങള്‍ പലപ്പോഴും ഭൂമിയില്‍ പതിക്കാറുമുണ്ട്. മാര്‍ച്ച് ആദ്യത്തില്‍ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനില്‍ പതിക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌പേസ്എക്‌സ് റോക്കറ്റ് ചന്ദ്രനില്‍ പതിക്കുമന്നായിരുന്നു. എന്നാല്‍, ഗവേഷകരുടെ പുതിയ നിരീക്ഷണപ്രകാരം ചന്ദ്രനില്‍ പതിക്കാന്‍ പോകുന്നത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.