കോവിഡില്‍ സംസ്ഥാനത്ത് മരിച്ചത് 65,501 പേര്‍; ധനസഹായത്തിന് ലഭിച്ചത് 63,867 അപേക്ഷകള്‍

കോവിഡില്‍ സംസ്ഥാനത്ത് മരിച്ചത് 65,501 പേര്‍; ധനസഹായത്തിന് ലഭിച്ചത് 63,867 അപേക്ഷകള്‍

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായവിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പണം വേണ്ടെന്ന് എഴുതിനല്കിയത് 392 പേര്‍. സംസ്ഥാനത്ത് ഈ മാസം മൂന്നുവരെ 65,501 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതില്‍ 63,867 അപേക്ഷകള്‍ സാമ്പത്തികസഹായത്തിനായി ലഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം അപൂര്‍ണമായ റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്.

അപേക്ഷ നല്‍കിയില്ല എന്നതു സഹായം നല്‍കാതിരിക്കാന്‍ കാരണമല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. കോവിഡ് ധനസഹായം നല്കുന്ന കാര്യത്തില്‍ ഉദാസീനത ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാവര്‍ക്കും 50,000 രൂപയുടെ സഹായം ഉറപ്പാക്കി ഇന്നു റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്. ലഭിച്ച അപേക്ഷയില്‍ 58,701 അപേക്ഷകള്‍ പാസാക്കിയിട്ടുണ്ട്. ഒരു അപേക്ഷപോലും തിരസ്‌കരിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതുവരെ വിതരണം ചെയ്തത് 272.19 കോടി രൂപയാണ്. തദ്ദേശസ്ഥാപനങ്ങള്‍ വഴി നേരിട്ടു അറിയിപ്പു നല്‍കിയിട്ടും 1327 പേര്‍ അപേക്ഷ കൊടുത്തിട്ടില്ല.

കുടുംബത്തിലെ തര്‍ക്കംമൂലം 617 അപേക്ഷകളില്‍ ഇതുവരെ പണംനല്കിയിട്ടില്ല. തര്‍ക്കം തീര്‍ത്തശേഷമായിരിക്കും ഇക്കാര്യത്തില്‍ അടുത്ത നടപടി. ഒരു മരണത്തിന് ഒന്നിലധികം അപേക്ഷ ലഭിച്ച കേസുകളുമുണ്ട്. ഇത്തരത്തില്‍ 936 അപേക്ഷകള്‍ ലഭിച്ചു. കേരളീയരല്ലാത്ത 689 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ യഥാര്‍ഥ അവകാശികളെ കണ്ടെത്തേണ്ടതുണ്ട്. മരിച്ച 155 പേര്‍ക്കു അവകാശികള്‍ ഇല്ലെന്നാണു കണ്ടെത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച നടപടി സ്വീകരിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.