2,000 വീടുകള്‍ വാസയോഗ്യമല്ലാതായെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മഴദുരിതം ഒഴിയുന്നില്ല. സിഡ്‌നിയില്‍ ഇനിയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ താമസിക്കുന്നവരോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കി. രാത്രിയില്‍ ഹണ്ടര്‍ മേഖലയില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. റോഡില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
50 മില്ലീമീറ്ററിനും 150 മില്ലീമീറ്ററിനും ഇടയില്‍ മഴ പെയ്യാനാണു സാധ്യത. ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നും പ്രവചനമുണ്ട്.
സിഡ്‌നി സി.ബി.ഡിക്കു സമീപമുള്ള കാംഡെനിലെ മൂന്ന് സ്ട്രീറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് വീടൊഴിയാന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് (എസ്ഇഎസ്) നിര്‍ദേശം നല്‍കി. പടിഞ്ഞാറന്‍ സിഡ്നിയിലെ പെന്റിത്തിന് സമീപമുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കും ഒഴിയാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇല്ലവാര വരെയുള്ള ഹണ്ടര്‍ മേഖല വരെ താമസിക്കുന്നവര്‍ പ്രത്യേകിച്ച് ഹോക്സ്ബറി നദിക്ക് സമീപമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
50 മില്ലീമീറ്ററിനും 150 മില്ലീമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിസ്റ്റ് വക്താവ് ഡീന്‍ നര്‍മോര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തില്‍ 2,000 വീടുകള്‍ വാസയോഗ്യമല്ലാതായി മാറിയെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു. ആളുകളെ അവരുടെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ഇനിയുള്ള ശ്രദ്ധയെന്ന് പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ 5,000 ഓസ്ട്രേലിയന്‍ സൈനികരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്നലെ എത്തി. മറ്റുള്ളവരും ഉടനെ എത്തും.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ലിസ്മോര്‍ മുതല്‍ ബല്ലിന വരെയുള്ള പ്രദേശങ്ങളിലെയും ചെറു പട്ടണങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്താനായിട്ടുണ്ട്. ഇതുവരെ പരിശോധിച്ച 3,500 വീടുകളില്‍ 2,000 വീടുകളാണ് വാസയോഗ്യമല്ലാതായി കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.