സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോഡി; ഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടു

സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പുടിനോട് മോഡി; ഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടു

ന്യുഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടു നിന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ മോഡി പുടിനോട് ആവശ്യപ്പെട്ടു. കൂടാതെ ഉക്രെയ്‌നിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും മോഡി റഷ്യന്‍ പ്രസിഡന്റിനെ പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധ മേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിന്‍ അറിയിച്ചു.

അതേസമയം യുദ്ധം നീണ്ടു പോകുന്നതില്‍ പ്രധാനമന്ത്രി ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ വീണ്ടും ആശങ്കയറിയിച്ചിരുന്നു. സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനൊപ്പം മാത്രമേ ഇന്ത്യ നില്‍ക്കുകയുള്ളൂവെന്നും മോഡി സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

ഉക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയുമായി മോഡി നേരത്തേയും ഫോണില്‍ സംസാരിച്ചിരുന്നു. ഉക്രെയ്‌നിലെ സ്ഥിതി ഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കിയതിന് സെലന്‍സ്‌കിയോടും  മോഡി നന്ദി പറഞ്ഞു. സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഉക്രെയ്ന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ മോഡി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.