സിപിഎം നയരേഖയിലെ മാറ്റം ബജറ്റില്‍ പ്രതിഫലിക്കുമോ?.. സ്വകാര്യ നിക്ഷേപകര്‍ക്കായി വഴി വെട്ടുമോ ബാലഗോപാല്‍?

സിപിഎം നയരേഖയിലെ മാറ്റം ബജറ്റില്‍ പ്രതിഫലിക്കുമോ?.. സ്വകാര്യ നിക്ഷേപകര്‍ക്കായി വഴി വെട്ടുമോ ബാലഗോപാല്‍?

കൊച്ചി: ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പുതിയ നിക്ഷേപ സാധ്യതകളിലേക്ക് വഴിതുറക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കഴിഞ്ഞയാഴ്ച കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാനത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന നയരേഖയ്ക്ക് ശേഷം വരുന്ന ആദ്യ ബജറ്റാണിത് എന്ന പ്രത്യേകതയുണ്ട്. നയരേഖയിലെ മാറ്റം ബജറ്റില്‍ പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്.

തനത് വിഭവങ്ങളില്ലാത്ത മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകാമെന്ന 1956 ലെ പ്രത്യേക പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ച വികസന രേഖയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നയരേഖയെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് പ്രധാനപ്പെട്ട തടസം സംസ്ഥാനത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കുറിച്ച് വ്യാവസായിക രംഗത്തുണ്ടായിട്ടുള്ള ചീത്തപ്പേര് തന്നെയാണെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് പാര്‍ട്ടി സമ്മേളനത്തിലൂടെ തന്നെ നയപരമായ മാറ്റം വിളംബരം ചെയ്യുന്ന ഒരു നയരേഖ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ബജറ്റിലൂടെ വികസനത്തിനാവശ്യമായ വിഭവ സമാഹരണം നടത്തുകയെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്. രാജ്യത്തെ ഉയര്‍ന്ന ധനകമ്മിയുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ഫെഡറല്‍ വ്യവസ്ഥകളില്‍ ധനകമ്മി മൂന്ന് ശതമാനത്തിനു മുകളിലായാല്‍ വിഭവ സമാഹരണം അസാധ്യമായിത്തീരും. കേരളത്തിന്റെ ധനകമ്മി 4.25 ശതമാനമെന്നാണ് 2021-22 ബജറ്റ് കണക്കാക്കിയിരിക്കുന്നത്. 1,306.69 കോടിയുടെ കമ്മി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ധനകമ്മി നാല് ശതമാനം വരെയായിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരുപാധികമായ അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ധനകമ്മി വര്‍ധിക്കുന്നത് ഇത് ഫെഡറല്‍ സംവിധാനത്തില്‍ കടമെടുപ്പ് സാധ്യത കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ പ്രശ്‌നത്തെ നേരിടേണ്ട അവസ്ഥ ഇപ്പോള്‍ ധനമന്ത്രിക്കുണ്ട്.

റവന്യൂ കമ്മി മൂന്ന് ശതമാനത്തിലേക്ക് ഏതുവിധേയനയും കുറച്ചു കൊണ്ടു വരേണ്ടത് കേരളത്തിന്റെ മുമ്പോട്ടുള്ള പോക്കിന് അത്യാവശ്യമായി മാറിയിട്ടുണ്ട്. ഇതിനുള്ള നീക്കം വരുന്ന ബജറ്റിലുണ്ടാകുമെന്ന സൂചന കെ.എന്‍ ബാലഗോപാല്‍ ഇതിനകം തന്നെ നല്‍കിയിട്ടുമുണ്ട്. നികുതികളില്‍ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കോവിഡ് കാലത്ത് നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് തടസമാകുമെന്ന കാഴ്ചപ്പാടില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്റെ അവസാന ബജറ്റില്‍ ചില നികുതികളില്‍ ഇളവ് ചെയ്യുകയാണുണ്ടായത്. എല്‍എന്‍ജി / സിഎന്‍ജിയുടെ മുകളിലുള്ള വാറ്റ് നികുതി 14.5 ശതമാനമായിരുന്നത് അദ്ദേഹം അഞ്ച് ശതമാനമായി കുറച്ചു.

ബിപിസിഎല്‍, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും തടസമാണ് ഇത്രയും ഉയര്‍ന്ന നികുതി എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ നിലയ്ക്ക് അധികം മുമ്പോട്ട് പോകാന്‍ കഴിയില്ലെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര നികുതി വിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ അടുത്ത വര്‍ഷം 13,217 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. കോവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ റവന്യു കമ്മി ഉയരും. അങ്ങനെ വന്നാല്‍ 45,000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടതായി വരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.