കീവ്: ഉക്രെയ്‌നിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടോവയിലെത്തിച്ചു. അറുനൂറിലധികം വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. ഇവരെ പോള്‍ട്ടോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവീവിലെത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ട്.
സുമി നഗരത്തില്‍ കുടുങ്ങിയ 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെ പന്ത്രണ്ട് ബസുകളിലായിട്ടാണ് സുരക്ഷിത മേഖലയായ പോള്‍ട്ടോവയിലേക്ക് എത്തിച്ചത്. ഒഴിപ്പിക്കലിനായി റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍.
ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം.
ഉക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച കൊടുംതണുപ്പില്‍ മൂന്ന് മണിക്കൂറോളം കുട്ടികള്‍ ബസ് കാത്ത് നിന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് ഇന്ത്യ യു.എന്നില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായും ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും നടത്തിയ ചര്‍ച്ചയില്‍ സുമിയിലെ കുട്ടികളെ ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന് ഇരു നേതാക്കളും ഉറപ്പു നല്‍കി. പിന്നാലെ, സുമിയില്‍ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാന്‍ റഷ്യ തയ്യാറായതാണ് ഒഴിപ്പിക്കല്‍ സാധ്യമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.