പവിഴവിസ്മയത്തിന് മരണമണിയോ? ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാന്‍ യുനെസ്‌കോ സംഘം ഓസ്‌ട്രേലിയയിലെത്തും

പവിഴവിസ്മയത്തിന് മരണമണിയോ? ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാന്‍ യുനെസ്‌കോ സംഘം ഓസ്‌ട്രേലിയയിലെത്തും

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രധാന ആകര്‍ഷണമായ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാന്‍ യുനെസ്‌കോയില്‍നിന്നുള്ള സംഘം എത്തുന്നു. പ്രകൃതിയൊരുക്കിയ മഹാത്ഭുതത്തിന് മരണമണി മുഴങ്ങുന്ന സാഹചര്യത്തിലാണ് പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ ഓസ്‌ട്രേലിയയെത്തുന്നത്. ഈ മാസം അവസാനത്തോടെ സംഘം ക്വീന്‍സ് ലന്‍ഡില്‍ വന്നിറങ്ങും.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രത്യേക അഭ്യര്‍ഥനയെതുടര്‍ന്നാണ് 21 മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിനായി രണ്ട് ശാസ്ത്രജ്ഞര്‍ ഓസ്‌ട്രേലിയയിലെത്തുന്നത്. ഇക്കാര്യം യുനെസ്‌കോയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കിലാണ്. പവിഴപ്പുറ്റുകളെ വെള്ളനിറം ബാധിക്കുന്ന കോറല്‍ ബ്ലീച്ചിങ് ഭീഷണി നേരിടുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


2300 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ഓസ്‌ട്രേലിയയുടെ ക്യുന്‍സ് ലന്‍ഡ് തീരത്തിനോടടുത്ത് കടലില്‍ സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബാരിയര്‍ റീഫുകള്‍. 1981-ല്‍ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി ഗ്രേറ്റ് ബാരിയര്‍ റീഫിനെ പ്രഖ്യാപിച്ചിരുന്നു. പ്രകൃത്യാ ഉള്ള ഏഴ് ലോക മഹാത്ഭുതങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു.

അടുത്തിടെ പല പ്രദേശങ്ങളിലും കുറഞ്ഞ തോതിലുള്ള ബ്ലീച്ചിംഗ് നടന്നതായി ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്ക് അതോറിറ്റി കഴിഞ്ഞ ആഴ്ച അവസാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റീഫിന്റെ വടക്കുഭാഗത്തുള്ള ചില ഭാഗങ്ങളിലും ടൗണ്‍സ്വില്ലെയ്ക്കും റോക്ക്ഹാംപ്ടണിനുമിടയിലുമുള്ള ഉയര്‍ന്ന താപനില പവിഴപ്പുറ്റുകളെ കാര്യമായി ബാധിച്ചതായി അതോറിറ്റി പറയുന്നു.

1998, 2002, 2016, 2017, 2020 വര്‍ഷങ്ങളിലാണ് ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റ് സമൂഹങ്ങള്‍ വ്യാപകമായ ബ്ലീച്ചിങ് നേരിട്ടത്. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് സമുദ്രതാപനില വര്‍ദ്ധിച്ചതാണ് ഈ അവസ്ഥയ്ക്ക് വഴിവെച്ചത്.

സമുദ്ര ജലത്തിന്റെ താപനില വര്‍ധിക്കുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിലേക്കു വഴി വെക്കും. താപനിലയിലെ ചെറിയ മാറ്റങ്ങള്‍ മാത്രമേ അവയ്ക്ക് അതിജീവിക്കാനാകൂ. ജലം ചൂടാകുമ്പോള്‍ കോറലുകള്‍ അവയില്‍ വസിക്കുന്ന 'സൂക്‌സാന്തെല്ലെ' അല്‍ഗകളെ പുറംതള്ളുന്നു. അതുമൂലം പവിഴപ്പുറ്റുകളുടെ നിറം നഷ്ടപ്പെട്ട് അവ വെളുത്ത നിറത്തിലാകുന്നു. ഇതാണ് കോറല്‍ ബ്ലീച്ചിങ്. 'സൂക്‌സാന്തെല്ലെ' അല്‍ഗകളാണ് അവയ്ക്ക് ആകര്‍ഷകമായ നിറങ്ങള്‍ നല്‍കുന്നത്.

ചെറുതോ മിതമായ രീതിയിലോ ഉള്ള ബ്ലീച്ചിങ് ആണെങ്കില്‍ പില്‍ക്കാലത്ത് ആല്‍ഗകളെ വീണ്ടെടുത്ത് കോറലുകള്‍ക്ക് രക്ഷപ്പെടാനാവും. പക്ഷെ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് കടുത്ത ബ്ലീച്ചിങ്ങിന് ഇരയായാല്‍ ക്രമേണ കോറലുകള്‍ പൂര്‍ണമായി നശിക്കും.

ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുനെസ്‌കോയുടെ നീക്കത്തിനെതിരേ ഓസ്‌ട്രേലിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലോക പൈതൃക സമിതി അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പ് സമിതി അംഗങ്ങളായ വിദഗ്ധര്‍ പവിഴപ്പുറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു.



ജൂണില്‍ നടക്കുന്ന ലോക പൈതൃക സമിതി യോഗത്തിന് മുന്നോടിയായി ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പരിസ്ഥിതി സംഘടനകളും ആവശ്യമുന്നയിച്ചു.

ഫെബ്രുവരി 21 ന് സന്ദര്‍ശനം സ്ഥിരീകരിച്ച് യുനെസ്‌കോ ഓസ്ട്രേലിയന്‍ സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. യുനെസ്‌കോയില്‍ നിന്നുള്ള ഒരു വിദഗ്ധനും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ നിന്നുള്ള വിദഗ്ധനുമാണ് പവിഴപ്പുറ്റുകള്‍ സന്ദര്‍ശിക്കുന്നത്. ശാസ്ത്രജ്ഞര്‍ എവിടെയൊക്കെ സന്ദര്‍ശിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ യുനെസ്‌കോ തയാറായിട്ടില്ല.

കാലാവസ്ഥാ പ്രതിസന്ധിയും ജലമലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും നമ്മുടെ പവിഴപ്പുറ്റുകളെ എത്രത്തോളം സാരമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ യഥാര്‍ത്ഥ ചിത്രം ഈ ദൗത്യത്തിലൂടെ ശാസ്ത്രജ്ഞര്‍ക്കു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്ട്രേലിയന്‍ മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ ഡോ ലിസ ഷിന്‍ഡ്ലര്‍ പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിലേക്കു റീഫിനെ തരംതാഴ്ത്തുന്നത് ഓസ്‌ട്രേലിയയില്‍ ടൂറിസം വരുമാനം ഉള്‍പ്പെടെ കുത്തനെ കുറയാന്‍ കാരണമാകും.

ഗ്രേറ്റ് ബാരിയര്‍ റീഫിനെക്കുറിച്ച് കൂടുതല്‍ വായിക്കാം:

ഗ്രേറ്റ് ബാരിയര്‍ റീഫിലെ 98 ശതമാനം പവിഴപ്പുറ്റുകളും അപകടാവസ്ഥയിലെന്ന് പഠനം

ഗ്രേറ്റ് ബാരിയര്‍ റീഫ്; യുനെസ്‌കോയുടെ വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓസ്‌ട്രേലിയയിലെ പവിഴപ്പുറ്റുകള്‍ അപകടഭീഷണിയിലെന്ന് യുനെസ്‌കോ; എതിര്‍പ്പുമായി ഓസ്‌ട്രേലിയ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.