കാന്‍ബറ: ഓസ്‌ട്രേലിയയിലെ ലോകപ്രശസ്തമായ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പടുത്താനുള്ള യുനെസ്‌കോയുടെ നീക്കത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനകള്‍ നടത്തി മാത്രമേ തീരുമാനത്തിലേക്കെത്താവൂ എന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലോക പൈതൃക സമിതി അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് സമിതി അംഗങ്ങളായ പൈതൃക ഗവേഷണ രംഗത്തെ വിദഗ്ധര്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കണമെന്നും പരിശോധിച്ച് യുനെസ്‌കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ ആഗോള തലത്തില്‍ നീക്കം ശക്തമാക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ യുനെസ്‌കോയില്‍ സമ്മര്‍ദം ശക്്തമാക്കാനാണ് തീരുമാനം. ഇതിനായി വിദേശ നയതന്ത്രജ്ഞരെയും പാരീസ് ആസ്ഥാനമായുള്ള യുനെസ്‌കോ പ്രതിനിധികളെയും ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാനായി സര്‍ക്കാര്‍ ക്ഷണിച്ചു.
ജൂലൈ അവസാനമാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കുന്ന ലോക പൈതൃക സമിതി യോഗം ചൈനയില്‍ ചേരുന്നത്. ഇതിനു മുന്നോടിയായി ക്യൂന്‍സ്ലാന്‍ഡിന്റെ തീരത്ത് 2,300 കിലോമീറ്റര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റ് മേഖല സന്ദര്‍ശിക്കണമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ആവശ്യം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഓസ്ട്രേലിയ ശക്തമായ പോരാട്ടമാണ് നയിക്കുന്നതെന്നു സര്‍ക്കാര്‍ വാദിക്കുന്നു. ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ സംരക്ഷണത്തിനായി വലിയ നിക്ഷേപം നടത്തിക്കഴിഞ്ഞു. പവിഴപ്പുറ്റുകളുടെ നാശത്തിനു കാരണമാകുന്ന മലിനീകരണത്തിന്റെ തോത് റെക്കോര്‍ഡ് അളവില്‍ കുറയ്ക്കാന്‍ കഴിഞ്ഞതായും കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചു നടന്ന അവലോകന യോഗത്തില്‍ പരിസ്ഥിതി മന്ത്രി സൂസന്‍ ലെയ് പറഞ്ഞു.
കൃത്യമായ നിരീക്ഷണം നടത്താതെ ഗ്രേറ്റ് ബാരിയര്‍ റീഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു.എന്നിന്റെ കീഴിലുള്ള സമിതി ജൂണില്‍ തിടുക്കപ്പെട്ടു ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് യുനെസ്‌കോയിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ മേഗന്‍ ആന്‍ഡേഴ്‌സണ്‍ വിമര്‍ശിച്ചു. ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ച് ആന്‍ഡേഴ്‌സണും മറ്റ് 10 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും കഴിഞ്ഞ മാസം യുനെസ്‌കോയ്ക്ക് കത്ത് എഴുതിയിരുന്നു
കാലാവസ്ഥാ വ്യതിയാനവും സമുദ്ര മലിനീകരണവും മൂലം വംശനാശ ഭീഷണിയിലാണ് ഗ്രേറ്റ് ബാരിയര്‍ റീഫെന്നാണ് യുനെസ്‌കോയുടെ നിരീക്ഷണം. ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഓസ്‌ട്രേലിയയോട് യുനെസ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെതുടര്‍ന്ന് സമുദ്രതാപനില വര്‍ധിച്ചതോടെ അഞ്ചു വര്‍ഷത്തിനിടെ മൂന്നു തവണ പവിഴപ്പുറ്റുകള്‍ക്ക് കോറല്‍ ബ്ലീച്ചിങ് ഭീഷണി നേരിട്ടതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിരുന്നു. പവിഴപ്പുറ്റുകളില്‍ വസിക്കുന്ന ആല്‍ഗകള്‍ക്ക് നാശം സംഭവിച്ച് വെളുത്ത നിറമാകുന്ന അവസ്ഥയാണ് ബ്ലീച്ചിങ്. സംരക്ഷിത കേന്ദ്രത്തിന്റെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് യുനെസ്‌കോയും ഓസ്ട്രേലിയന്‍ സര്‍ക്കാരും നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.
ബ്ലീച്ചിംഗ് പ്രതിഭാസത്തിന് ശേഷമുള്ള പവിഴപുറ്റുകളുടെ അവസ്ഥ.
ലോകത്ത് എണ്ണയും വാതകങ്ങളും കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യമാണ് ഓസ്ട്രേലിയ. ഫാക്ടറികളില്‍നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നതാണ് യുനെസ്‌കോ ഓസ്ട്രേലിയക്കെതിരേ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.
വംശനാശ ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിലേക്കു റീഫിനെ തരംതാഴ്ത്തുന്നത് ഓസ്‌ട്രേലിയയില്‍ ടൂറിസം വരുമാനം കുത്തനെ കുറയാന്‍ കാരണമാകും. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ എതിര്‍പ്പ് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെയെ നേരത്തെ വിളിച്ചറിയിച്ചിരുന്നു. നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആരോപണം.
ഓസ്‌ട്രേലിയയുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന ചൈനയുടെ സ്വാധീനത്തിനു വഴങ്ങിയാണ് ഈ നീക്കമെന്ന സംശയം സര്‍ക്കാരിനുണ്ട്. യുനെസ്‌കോയുടെ മൂന്ന് പ്രധാനപ്പെട്ട കമ്മിറ്റികളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, ഇത്തരം ആരോപണങ്ങളെ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സെന്റര്‍ ഡയറക്ടര്‍ ഡോ. മെക്റ്റില്‍ഡ് റോസ്ലര്‍ നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.