ഉത്തരാഖണ്ഡില്‍ അധികാരം ഉറപ്പിച്ച് ബിജെപി; ഭരണത്തുടര്‍ച്ച ചരിത്രത്തില്‍ ആദ്യം

ഉത്തരാഖണ്ഡില്‍ അധികാരം ഉറപ്പിച്ച് ബിജെപി; ഭരണത്തുടര്‍ച്ച ചരിത്രത്തില്‍ ആദ്യം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അധികാരം ഉറപ്പിച്ച് ബിജെപി. 46 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 21 സീറ്റുകളിലാണ് കോണ്‍ഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡില്‍ മന്ത്രി പുഷ്‌കര്‍ സിംങ് ധാമി ഇപ്പോഴും പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കപ്രിയാണ് ധാമിയ്ക്ക് തിരിച്ചടി നല്‍കുന്നത്.

2002ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചത്. 70 സീറ്റുകളില്‍ 36 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. നാരായണ്‍ ദത്ത് തിവാരി ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. 2007ല്‍ ബിജെപി അധികാരത്തിലെത്തി. 70ല്‍ 35 സീറ്റുകളില്‍ വിജയിച്ച ബിജെപി ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിലേറി. മുന്‍ കേന്ദ്ര മന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരി മുഖ്യമന്ത്രിയായി.

2012ല്‍ വീണ്ടും കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിന് 32 സീറ്റും ബിജെപിയ്ക്ക് 31 സീറ്റും ലഭിച്ചു. വിജയ് ബഹുഗുണ ആയിരുന്നു മുഖ്യമന്ത്രി. 2014ല്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. കഴിഞ്ഞ തവണ ബിജെപി വീണ്ടും അധികാരത്തിലെത്തി. 57 മണ്ഡലങ്ങളില്‍ വിജയിച്ച ബിജെപി ത്രിവേന്ദ്ര സിംങ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. 2021ല്‍ തിരാത്ത് സിംങ് റാവത്തും തുടര്‍ന്ന് പുഷ്‌കര്‍ സിംങ് ധാമിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

ഹരിദ്വാര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്താണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകള്‍ക്കാണ് അനുപമ മുന്നില്‍ നില്‍ക്കുന്നത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ മുന്‍ മന്ത്രി ഹരക് സിംങ് റാവത്തിന്റെ മരുമകള്‍ അനുകൃതി ഗുസൈന്‍ പിന്നിലാണ്. ബിജെപിയുടെ സിറ്റിംങ് എംഎല്‍എ ദലീപ് സിംങ് റാവത്ത് ഇവിടെ 100ലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാല്‍കുവന്‍ മണ്ഡലത്തില്‍ 2713 വോട്ടുകള്‍ക്ക് പിന്നിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.