ഒമിക്രോണിന്റെ പുതിയ വകഭേദം ബിഎ.2 ഓസ്‌ട്രേലിയയില്‍

ഒമിക്രോണിന്റെ പുതിയ വകഭേദം ബിഎ.2 ഓസ്‌ട്രേലിയയില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ ബിഎ.2 വകഭേദം വലിയ തോതില്‍ വ്യാപിക്കുന്നതായി ആശങ്ക. ആറാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായേക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ് മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്ത് ഇന്നലെ 16,288 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇത് ജനുവരി 27-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതാണ് ഒമിക്രോണ്‍ ബിഎ.2 പടരുന്നതായുള്ള നിഗമനത്തിലേക്ക് ആരോഗ്യവിദഗ്ധര്‍ എത്തിച്ചേര്‍ന്നത്.

അതിവേഗം പടരുന്ന ഒമിക്രോണിന്റെ ബിഎ.1 ഉപ വകഭേദത്തേക്കാള്‍ പലമടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ ബി.എ.2 എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ആരോഗ്യാവസ്ഥ ഗുരുതരമാക്കുമോ എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും മുമ്പ് കോവിഡ് വന്നവര്‍ക്കും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്.

ബിഎ2 ജനുവരി അവസാനം മുതലാണ് ഓസ്ട്രേലിയയില്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ഡെന്‍മാര്‍ക്ക്, യുകെ, നോര്‍വേ, സ്വീഡന്‍ തുടങ്ങി ലോകമെമ്പാടും ഈ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ ബി.എ.2 തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.

കഴിഞ്ഞ ഫെബ്രുവരി 25-ന് മാസ്‌ക് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ലഘൂകരിച്ചതിനാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. ദിവസേനയുള്ള കേസുകള്‍ 20,000 മുതല്‍ 30,000 വരെ ഉയര്‍ന്നേക്കാം.

ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ കൂടുതല്‍ വേഗതയിലാണ് ബിഎ.2 രോഗവ്യാപനം നടത്തുന്നത്. എന്നാല്‍ ഡെല്‍റ്റയോളം തന്നെ അപകടകാരിയല്ല ഒമിക്രോണും, ബിഎ.2വും എന്നും പഠനങ്ങള്‍ പറയുന്നു. അതേസമയം വാക്സിന്‍ നല്‍കുന്ന പ്രതിരോധ ശക്തി, നേരത്തേ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആര്‍ജിക്കുന്ന പ്രതിരോധ ശക്തി എന്നിവയെ മറികടന്ന് ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ പെരുകാനുമെല്ലാം ബിഎ.2വിന് സാധ്യമാണ്.

സ്പൈക് പ്രോട്ടീനിലെയും മറ്റ് ചില പ്രോട്ടീനുകളിലെയും അമിനോ ആസിഡ് ശ്രേണികളില്‍ ചില വ്യത്യാസങ്ങളാണ് ബിഎ.1 ഉം ബിഎ.2 ഉം തമ്മിലുള്ളത്. മൂക്കൊലിപ്പ്, തൊണ്ട വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും ഈ ഉപവകഭേദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.