റഷ്യന്‍ സൈന്യം കീവിന് 25 കിലോമീറ്റര്‍ അകലെ; ആക്രമണം കടുപ്പിച്ചു

റഷ്യന്‍ സൈന്യം കീവിന് 25 കിലോമീറ്റര്‍ അകലെ; ആക്രമണം കടുപ്പിച്ചു

കീവ്: ഉക്രെയ്‌നിലെ കൂടുതല്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവിന് 25 കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തി. ഖാര്‍കിവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങളും റഷ്യന്‍ സൈന്യം വളഞ്ഞു. കിഴക്കന്‍ മേഖലയിലെ ഡനിപ്രോ, പടിഞ്ഞാറുള്ള ലുട്‌സ്‌ക്, ഇവാനോ-ഫ്രാന്‍കിവ്‌സ്‌ക് നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്.

റഷ്യന്‍ സൈന്യം പല ഭാഗങ്ങളില്‍നിന്നായി കീവിനെ ആക്രമിക്കാനാണ് നീക്കം. അതോടൊപ്പം മറ്റു നഗരങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. കീവിലെ വാസില്‍കീവില്‍ വ്യോമതാവളവും ആയുധസംഭരണകേന്ദ്രവും റഷ്യ തകര്‍ത്തു. ഇവിടെ എട്ട് സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചു.

മരിയുപോളില്‍ മുസ്‌ലിം പള്ളിക്കുനേരെ ആക്രമണമുണ്ടായി. റഷ്യന്‍ സൈന്യം ദിവസങ്ങളായി വളഞ്ഞുവച്ചിരിക്കുന്ന മരിയുപോളില്‍ സാധാരണക്കാര്‍ അഭയംതേടിയ മുസ്ലിം പള്ളിക്കുനേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 80 പേര്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. എത്ര പേര്‍ക്ക് പരുക്കേറ്റു എന്നത് വ്യക്തമല്ല. തുര്‍ക്കി പൗരന്‍മാരും പള്ളിക്കകത്ത് ഉണ്ടായിരുന്നതായി തുര്‍ക്കിയിലെ ഉക്രെയ്ന്‍ എംബസി അറിയിച്ചു.

ഒരാഴ്ചയായി റഷ്യന്‍ സൈന്യത്തിന്റെ ഉപരോധത്തിലാണ് മരിയുപോള്‍. വെള്ളവും ഭക്ഷണവുമില്ലാതെ തണുപ്പ് അതിജീവിക്കാന്‍ സംവിധാനമില്ലാതെ നിരാശരായ ജനക്കൂട്ടമാണ് മരിയുപോളിലുള്ളതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് വെളിപ്പെടുത്തി. റഷ്യ ആക്രമണം കടുപ്പിച്ചതോടെ മരിയുപോളില്‍ നിന്ന് ഒഴിപ്പിക്കലും നടക്കുന്നില്ല.

ലുട്‌സ്‌കില്‍ ഉണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി മേയര്‍ അറിയിച്ചു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ഉക്രെയ്ന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഉക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷം കടന്നതായി ഐക്യ രാഷ്ട്രസഭയും അറിയിച്ചു.

റഷ്യന്‍ അധിനിവേശം 17 ദിവസം പിന്നിടുമ്പോള്‍ 1,300 ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. അതേസമയം, 6000ത്തിലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലുഹാന്‍സ്‌കിന്റെ 70 ശതമാനം ഭാഗവും റഷ്യ കൈയടക്കിയതായാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.