അബദ്ധത്തില്‍ സംഭവിച്ച മിസൈല്‍ വിക്ഷേപണം മുതലാക്കി പാകിസ്ഥാന്‍; ഇന്ത്യയെ ആക്ഷേപിക്കാന്‍ തന്ത്രം തയ്യാര്‍

അബദ്ധത്തില്‍ സംഭവിച്ച മിസൈല്‍ വിക്ഷേപണം മുതലാക്കി പാകിസ്ഥാന്‍; ഇന്ത്യയെ ആക്ഷേപിക്കാന്‍ തന്ത്രം തയ്യാര്‍


ഇസ്ലാമബാദ്:അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ട് ഗതി മാറി പാക് പഞ്ചാബ് പ്രവിശ്യയില്‍ മിസൈല്‍ പതിച്ച സംഭവം സംബന്ധിച്ച ഇന്ത്യയുടെ 'ലളിതമായ വിശദീകരണം' തൃപ്തികരമല്ലെന്ന നിലപാടുമായി പാകിസ്ഥാന്‍.  സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഭീകരത പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാനെ തുറന്നു കാണിക്കുന്നതിനിടെ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ സാങ്കേതിക വീഴ്ച കരുവാക്കി അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയെ പരമാവധി ആക്ഷേപിക്കാനുള്ള തന്ത്രമാണ് തയ്യാറായിട്ടുള്ളതെന്ന സൂചനയുണ്ട്.

ഇന്ത്യന്‍ അതിത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനില്‍ മിസൈല്‍ ആകസ്മികമായി പതിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് കോടതിയെ നിയോഗിക്കാന്‍ ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മിയാന്‍ ചുന്നു നഗരത്തിന് സമീപം വീണ മിസൈല്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കിയിരുന്നില്ല.

അതേസമയം, സാങ്കേതിക തകരാര്‍ കാരണം മാര്‍ച്ച് 9 ന് ഒരു മിസൈല്‍ പാകിസ്ഥാന്‍ പ്രദേശത്തേക്ക് അബദ്ധത്തില്‍
തൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡിഫന്‍സ് വിംഗ് ഇറക്കിയ വാര്‍ത്താക്കുറിപ്പ് പാകിസ്ഥാന്‍ ശ്രദ്ധിച്ചതായി വിദേശകാര്യ വക്താവ് പറഞ്ഞു. മിസൈല്‍ പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ചതില്‍ ഇന്ത്യയുടെ ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് ആകട്ടെ 'സെന്‍സിറ്റീവ് സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവി'നെ ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് പാകിസ്ഥാനോടു സംവദിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ മെനക്കെടുന്നില്ലെന്നും അദ്ദേഹം പരാതി പറഞ്ഞു.

ആണവായുധ ഉത്ക്കണ്ഠ തീവ്രമായുള്ള പരിതസ്ഥിതിയില്‍ ആകസ്മികമെന്നും അനധികൃതമെന്നും പറയാവുന്ന മിസൈല്‍ വിക്ഷേപണം സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും സാങ്കേതിക സുരക്ഷകളെക്കുറിച്ചും നിരവധി അടിസ്ഥാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ്് പാകിസ്ഥാന്റെ വിദേശകാര്യ ഓഫീസ് പറയുന്നത്.'ഇന്ത്യന്‍ അധികാരികള്‍ നല്‍കുന്ന ലളിതമായ വിശദീകരണം കൊണ്ട് ഇത്തരമൊരു ഗൗരവമേറിയ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. മിസൈല്‍ പതിച്ചത് പാകിസ്ഥാന്‍ പ്രദേശത്ത് ആണെന്നിരിക്കേ ആഭ്യന്തര അന്വേഷണ തീരുമാനം പര്യാപ്തമല്ല.'

സംയുക്ത അന്വേഷണം വേണം

'സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുതകള്‍ കൃത്യമായി കണ്ടെത്താനാണ് പാകിസ്ഥാന്‍ സംയുക്ത അന്വേഷണം ആവശ്യപ്പെടുന്നത്.ആകസ്മികമായ മിസൈല്‍ വിക്ഷേപണം തടയുന്നതിനുള്ള നടപടിക്രമങ്ങളും ഈ സംഭവത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ഇന്ത്യ വിശദീകരിക്കണം. പാകിസ്ഥാന്‍ പ്രദേശത്ത് പതിച്ച മിസൈലിന്റെ തരവും സവിശേഷതകളും ഇന്ത്യ വ്യക്തമാക്കുകയും വേണം.മിസൈലില്‍ സ്വയം നശിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടത്? പതിവ് അറ്റകുറ്റപ്പണികള്‍ക്കിടയില്‍ ഇന്ത്യന്‍ മിസൈലുകള്‍ വിക്ഷേപിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതലുകളുണ്ടോ?'' പാകിസ്താന്റെ പ്രസ്താവനയില്‍ ചോദിക്കുന്നു.

മിസൈല്‍ ആകസ്മികമായി വിക്ഷേപിച്ച വിവരം പാക്കിസ്ഥാനെ ഉടന്‍ അറിയിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും പാകിസ്ഥാന്‍ വിശദീകരണം തേടുന്നത് വരെ വീഴ്ച അംഗീകരിക്കാന്‍ കാത്തിരുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങളുമുണ്ട് പ്രസ്താവനയില്‍. ഈ സംഭവത്തെ ഗൗരവമായി കാണാനും മേഖലയിലെ തന്ത്രപരമായ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതില്‍ തക്കതായ പങ്ക് വഹിക്കാനും പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന് പാക് അതിര്‍ത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ പതിച്ചതായി പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന പിന്നാലെയാണ് ഇന്ത്യ ഈ വിഷയത്തില്‍ വിശദീകരണം പുറപ്പെടുവിച്ചത്. സിര്‍സയില്‍ നിന്ന് വൈകുന്നേരം 6.03 നു പറന്നുയര്‍ന്ന മിസൈല്‍ ഇന്ത്യയുടെ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് ബേസുകളിലേക്കാണ് ആദ്യം നീങ്ങിയത് . ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം, ദിശ മാറി വടക്ക് പടിഞ്ഞാറ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.