ജീവിതത്തില്‍ ചെറിയ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ തന്നെ നാം പലപ്പോഴും തോല്‍വി സമ്മതിക്കാറുണ്ട്. കാരണം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഉണ്ടെങ്കിലും അത് വേണ്ടവിധം ഉപയോഗപ്പെടുത്താറില്ല. എന്നാല്‍ ചിലരുണ്ട് കഠിനാധ്വാനവും ആത്മധൈര്യവുംകൊണ്ട് വലിയ പ്രതിസന്ധികളെ പോലും നിസ്സാരവത്കരിക്കുന്നവര്‍. ഇത്തരക്കാര്‍ നമുക്ക് നല്‍കുന്ന പ്രചോദനവും കരുത്തും ചെറുതല്ല. ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ കെട്ടു പോയവര്‍ക്ക് പോരാട്ടത്തിന്റെ കരുത്തും അതിജീവനത്തിന്റെ പ്രതീക്ഷയും പകരുന്നതാണ് പ്രണവ് എന്ന ചെറുപ്പക്കാരന്റെ ജീവിതം.
ഓട്ടിസത്തെ തോല്‍പിച്ച് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയ പ്രണവ് ഭാക്ഷിയുടെ ജീവിതം പകരുന്ന വെളിച്ചം ചെറുതല്ല. രണ്ട് വയസ്സുള്ളപ്പോഴാണ് പ്രണവിന്റെ മതാപിതക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട മകന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതും നാല്‍പ്പത് ശതമാനം ഓട്ടിസ്റ്റിക്കായിരുന്നു പ്രണവ്. കൂടാതെ മറ്റുള്ളവര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന എക്വോലാലിയ എന്ന രോഗാവസ്ഥയുമുണ്ട് ഈ ചെറുപ്പക്കാരന്. എന്നാല്‍ ഈ രോഗാവസ്ഥകളിലെന്നും അവന്റെ മാതാപിതാക്കള്‍ അവനെ തള്ളിപ്പറഞ്ഞില്ല, എവിടേയും ഉപേക്ഷിച്ചില്ല. മറിച്ച് തങ്ങളുടെ പൊന്നോമനയെ ചേര്‍ത്തു പിടിച്ചു. ഈ ചേര്‍ത്തു നിര്‍ത്തല്‍ തന്നെയാണ് പ്രണവിന്റെ ജീവിതത്തിന് കരുത്ത് പകര്‍ന്നതും.
ഒരിക്കല്‍ പ്രണവിനേയും കൊണ്ട് ഒരു മാളില്‍ പോയി അമ്മ. ആ മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യ ബോര്‍ഡ് കണ്ടപ്പോള്‍ തനിക്ക് ഒരു മോഡലാകണമെന്ന് പ്രണവ് പറഞ്ഞു. അമ്മ അവനെ കളിയാക്കുകയോ ആ സ്വപ്‌നത്തില്‍ നിന്നും അവനെ പിന്തിരിപ്പിക്കുകയോ ചെയ്തില്ല. മകന്‍ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ മുതല്‍ക്കേ മകന്റെ സ്വപ്ന സാക്ഷാത്കാരത്തിനായുള്ള പരിശ്രമത്തിലായിരുന്നു അമ്മ അനുപമ. അവര്‍ അവന്റെ ചിറകുകള്‍ക്ക് കരുത്തേകി, അവനെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു. അവന്റെ സ്വപ്‌നങ്ങളേയും. ഡല്‍ഹി സ്വദേശിയാണ് പ്രണവ് ഭാക്ഷി.
വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടപ്പോള്‍ തന്റെ പത്തൊമ്പതാം വയസില്‍ പ്രണവ് ഫാഷന്‍ ലോകത്ത് ചുവടുറപ്പിച്ചു. അതും ഒരു ചരിത്രം കുറിച്ചുകൊണ്ട്. ഇന്ത്യയിലെ ഓട്ടിസം ബാധിതനായ ആദ്യ പുരുഷ മോഡല്‍ ആണ് പ്രണവ് ഭാക്ഷി എന്ന മിടുക്കനായ യുവാവ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണവ് ഫാഷന്‍ ലോകത്തെ തന്റെ വിജയ യാത്ര തുടരുന്നു. പ്രശസ്തമായ പല പരസ്യ ഏജന്‍സികളിലും ഈ മിടുക്കന്‍ മോഡലായപ്പോള്‍ നിറഞ്ഞ കൈയടികള്‍ക്കൊണ്ടാണ് അദ്ദേഹത്തെ ലോകം വരവേറ്റത്.
അതേസമയം താന്‍ ഓട്ടിസമെന്ന രോഗാവസ്ഥയിലാണെന്നും ഓരോ ദിവസവും അതിനെതിരെയുള്ള പോരാട്ടമാണ് തന്റെ ജീവിതമെന്നും പ്രണവിനറിയാം. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെ പ്രണവ് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച് മുന്നേറുന്നു. നിറം പോരാ, മുടിക്ക് അഴക് കുറവാ തുടങ്ങി നിസ്സാര കാര്യങ്ങളില്‍ മനസ്സ് തളര്‍ന്ന് ഒര മുറിക്കുള്ളില്‍ സ്വയം തളര്‍ന്നിരിക്കുന്നവര്‍ക്ക് വലിയ പ്രചോദനമാണ് പ്രണവിന്റെ ഈ ജീവിതം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.