ഒന്‍പതു വയസുകാരന്റെ കട്ടിലില്‍ വിഷപ്പാമ്പ്; ഞെട്ടി ഓസ്‌ട്രേലിയന്‍ കുടുംബം

ഒന്‍പതു വയസുകാരന്റെ കട്ടിലില്‍ വിഷപ്പാമ്പ്; ഞെട്ടി ഓസ്‌ട്രേലിയന്‍ കുടുംബം

ഹൊബാര്‍ട്ട്: ക്ഷണിക്കാത്ത അതിഥിയായി വീട്ടില്‍ നുഴഞ്ഞുകയറിയ പാമ്പിനെക്കണ്ട അമ്പരപ്പിലാണ് ഓസ്‌ട്രേലിയയിലെ ഒരു കുടുംബം. ഒന്‍പതു വയസുള്ള കുട്ടിയുടെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഉഗ്ര വിഷമുള്ള പാമ്പാണ് ഏറെ നേരം കുടുംബത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ടാസ്മാനിയ സംസ്ഥാനത്തെ ബ്രൈറ്റണിലാണു സംഭവം. കോപ്പര്‍ ഹെഡ് ഇനത്തില്‍ പെട്ട പാമ്പിന്‍ കുഞ്ഞിനെയാണ് വീടിനുള്ളില്‍നിന്നു കണ്ടെത്തിയത്. കക്ഷി നിസാരക്കാരനല്ല. വീര്യം കൂടിയ വിഷമുള്ള ഇനമാണിത്.

ശനിയാഴ്ച വൈകുന്നേരം കിടപ്പുമുറിയില്‍നിന്ന് ഒമ്പത് വയസുകാരനായ മകന്റെ നിലവിളി കേട്ടു ഭാര്യ നടത്തിയ പരിശോധനയിലാണ് കട്ടിലിന്റെ ഒരു വശത്തായി പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയതെന്ന് വീട്ടുടമ മിച്ച് ലാന്‍സ് പറഞ്ഞു.

ഒരു സ്പൂണ്‍ ഉപയോഗിച്ച് മിച്ച് ലാന്‍സ് പാമ്പിനെ അവിടെനിന്നു നീക്കി. തുടര്‍ന്ന് വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരെ വിവമരമറിയിച്ചു.

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയാകണം 10 സെന്റീമീറ്റര്‍ മാത്രം നീളമുള്ള, ഒരു ദിവസം പ്രായമായ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഇഴജന്തുക്കളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ ക്രിസ് ഡാലി പറഞ്ഞു.

ഒരു ചെറിയ പാമ്പിന് കട്ടിലില്‍ ഇഴഞ്ഞുകയറാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പൂച്ച കൊണ്ടിട്ടതാകാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇത്തരത്തില്‍ വീടിനുള്ളില്‍ കയറുന്ന പാമ്പുകളെ പിടിക്കാനായി പ്രതിദിനം അന്‍പതിലധികം കോളുകള്‍ തങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ പുറത്ത് കറങ്ങാന്‍ അനുവദിക്കരുതെന്നും പാമ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ക്രിസ് ഡാലി പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. പൂച്ചകളെ അകത്തു പ്രവേശിപ്പിക്കുമ്പോള്‍ അതിന്റെ വായില്‍ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.

കോപ്പര്‍ഹെഡ് പാമ്പുകള്‍ വിഷമുള്ളവയാണെങ്കിലും ഈ പാമ്പിന്റെ പ്രായം കണക്കിലെടുക്കുമ്പോള്‍ കടിക്കാനുള്ള സാധ്യത കുറവാണെന്ന് ക്രിസ് ഡാലി പറഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍, അവ കടിക്കാന്‍ വിമുഖത കാണിക്കും, അതിന്റെ വിഷപ്പല്ലുകള്‍ വളരെ മൃദുവായിരിക്കും. സാധാരണയായി പല്ലുകള്‍ കഠിനമാകാന്‍ ഒരാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാമ്പിന്റെ ശരീരത്തില്‍ പൂച്ച കടിച്ചതെന്നു തോന്നുന്ന ചെറിയ മുറിവുണ്ട്. പൂച്ചയില്‍ നിന്ന് അണുബാധയൊന്നും ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം കാട്ടിലേക്കു വിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.