ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം.
ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ ജീവിതത്തെ സഹായിക്കുന്നതിന്റെ ഏറ്റവും പ്രായോഗികമായ മേഖലകളില്‍ ഒന്നാണ് വൈദ്യശാസ്ത്രം. നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്താനും വളര്‍ത്താനും ഏറെ സഹായിക്കുന്നതാണ് വൈദ്യശാസ്ത്രം എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
മധ്യ കാലഘട്ടത്തില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന വളരെ പ്രഗത്ഭനായ ഒരു വൈദ്യ ശാസ്ത്രജ്ഞനാണ് തിയോഡോറിക് ബോര്‍ഗോഞോണി. അന്നത്തെ കാലത്ത് ഇറ്റലിയില്‍ എന്നല്ല അന്നറിയപ്പെട്ടിരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വൈദ്യന്‍ ആയിരുന്നു അദ്ദേഹം.
ശസ്ത്രക്രിയയില്‍ അനസ്‌തേഷ്യയുടെ ഉപയോഗം പോലെ വളരെ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് ബോര്‍ഗോഞോണി. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലേക്കും ശാസ്ത്രീയ സംഭാവനകളിലേക്കുമുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഈ ലേഖനം.
ഇറ്റലിയില്‍ ലൂക്കാ എന്ന സ്ഥലത്ത് 1205 ലാണ് തിയോഡോറിക് ബോര്‍ഗോഞോണി ഭൂജാതനായത്. പിതാവ് അതിപ്രശസ്തനായ ഒരു വൈദ്യനായിരുന്നു. പിതാവില്‍ നിന്നാണ് വൈദ്യശാസ്ത്രം ബോര്‍ഗോഞോണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പിന്നീട് ബൊളോഞ്ഞായിലെ യൂണിവേഴ്‌സിറ്റിയിലാണ് ബോര്‍ഗോഞോണി വൈദ്യം പഠിച്ചത്. ഇക്കാലത്തു തന്നെ ഡൊമിനിക്കന്‍ സന്യാസ സഭയില്‍ ചേരാനുള്ള പഠനവും അദ്ദേഹം പൂര്‍ത്തിയാക്കി.
1240 ല്‍ അദ്ദേഹം ഇന്നസെന്റ് നാലാമന്‍ പാപ്പായുടെ സ്വകാര്യ ഡോക്ടര്‍ ആയി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ശ്ലൈഹിക പിന്‍ഗാമികളുടെ കൂട്ടത്തിലേക്ക് അഭിഷേകം ചെയ്യപ്പെട്ടു. ബിടോന്റോ എന്ന രൂപതയുടെ മെത്രാനായാണ് അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടത്. 1266 മുതല്‍ 1296 വരെ 30 വര്‍ഷം ചെര്‍വിയ എന്ന സ്ഥലത്തെ മെത്രാനായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലാണ് അദ്ദേഹം നിത്യത പുല്‍കുന്നത്.
സന്യാസ ജീവിതത്തിന്റെയും മെത്രാന്റെയും ശുശ്രൂഷകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ വൈദ്യനെന്ന നിലയിലുള്ള ജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടു പോയി. ഇന്നസെന്റ് നാലാമന്‍ പാപ്പാ പോലെതന്നെ മറ്റു പല പ്രശസ്ത വ്യക്തികളുടെയും സ്വകാര്യ വൈദ്യന്‍ ആയിരുന്നു തിയോഡോറിക് ബോര്‍ഗോഞോണി. ഇത് എത്രത്തോളം പ്രാഗത്ഭ്യം അദ്ദേഹത്തിന് വൈദ്യശാസ്ത്ര മേഖലയില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
ഒരു മെത്രാന്‍ ആയിരുന്ന കാലത്തും അദ്ദേഹം വൈദ്യം പരിശീലിച്ചിരുന്നു എന്ന വസ്തുത ജീവിതത്തില്‍ അദ്ദേഹം എത്രത്തോളം വൈദ്യത്തിനും ശാസ്ത്രത്തിനും പ്രാധാന്യം കൊടുത്തു എന്നതിന്റെ തെളിവാണ്. തിരക്കേറിയ ജീവിതത്തിന്റെ ഇടയിലും വൈദ്യം പരിശീലിക്കാന്‍ ബോര്‍ഗോഞോണി പരിശ്രമിച്ചു എന്നത് വിശ്വാസത്തോടൊപ്പം തന്നെ ശാസ്ത്രത്തെയും കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യമാണ് സൂചിപ്പിക്കുന്നത്.
ബോര്‍ഗോഞോണിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം കിരുര്‍ജിയ ആണ്. കിരുര്‍ജിയ എന്ന വാക്കിന്റെ അര്‍ഥം സര്‍ജറി എന്നാണ്. ഈ പുസ്തകം നാലു വാല്യങ്ങളിലായി സര്‍ജറിയുടെ വിവിധ ഘടകങ്ങളെ വ്യക്തമാക്കുന്നു.
പ്രാചീന ഗ്രീക്കുകാരില്‍ നിന്നും അറബ് വംശജരില്‍നിന്നും കൈമാറിവന്ന പാരമ്പര്യ അറിവുകളെ മാറ്റിമറിക്കുന്ന പുസ്തകമായിരുന്നു ഇത്. പ്രാചീനമായ അറിവുകളെ അന്ധമായി പിന്തുടരുന്നതിനേക്കാള്‍ പ്രധാനമാണ് രോഗിയുമായി വൈദ്യനുള്ള വ്യക്തിപരമായ നിരീക്ഷണവും അതില്‍നിന്നും ലഭിക്കുന്ന അറിവുമെന്ന് അദ്ദേഹം പഠിപ്പിച്ചു.
മുറിവുകളില്‍ പഴുപ്പ് വളരാന്‍ അനുവദിക്കുന്ന പ്രാചീന രീതിയെക്കാള്‍ ആന്റിസെപ്റ്റിക് ചികിത്സാരീതിക്ക് ഊന്നല്‍ നല്‍കിയ വൈദ്യനാണ് ബോര്‍ഗോഞോണി. ഈ രീതിയില്‍ മുറിവ് വൃത്തിയാക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്നത്തെ ആന്റിസെപ്റ്റിക് ചിന്തക്ക് തുടക്കം കുറിക്കുന്നത് ബോര്‍ഗോഞോണിയാണ്.
ഈ മുറിവുകളില്‍ ഉപയോഗിക്കുന്ന തുണി ബാന്‍ഡേജുകള്‍ ആദ്യം വീഞ്ഞില്‍ മുക്കി അണുവിമുക്തമാക്കിയാണ് അദ്ദേഹം ഉപയോഗിച്ചത്. അതുപോലെതന്നെ പല വസ്തുക്കളെ സംയോജിപ്പിച്ചു മൂക്കിനുതാഴെ മണപ്പിക്കുന്നതിലൂടെ ബോധം കെടുത്തി സര്‍ജറി വേദനകുറച്ചു ചെയ്യാമെന്ന രീതിയും ആദ്യം അവലംബിച്ചത് അദ്ദേഹമാണ്.
കിരുര്‍ജിയയുടെ നാലാം വാല്യം തലക്കുണ്ടാകുന്ന മുറിവുകളെയും ചില ക്യാന്‍സറുകളെയും കുറിച്ചുള്ളതാണ്. തോളെല്ലിന്റെ സ്ഥാനചലനം തിരിച്ചറിയാന്‍ കൈനീട്ടി എതിര്‍ ദിശയിലെ ചെവിയിലോ തോളിലോ തൊടുക എന്ന അദ്ദേഹത്തിന്റെ വിശകലന രീതി ആധുനിക കാലം വരെയും നീണ്ടുനിന്ന ഒന്നാണ്.
ബോര്‍ഗോഞോണിയുടെ പുസ്തകത്തിന്റെ ചില ഭാഗങ്ങളെങ്കിലും അദ്ദേഹം പുസ്തകം രചിക്കുന്നതിനും 15 വര്‍ഷങ്ങള്‍ക്ക് എഴുതിയ ലോങ്ങോബുര്‍ഗോയുടെ പുസ്തകവുമായി സാമ്യമുണ്ടെങ്കിലും ഇരുവരും ഒരേ ഗുരുവിന്റെ ശിഷ്യരാണെന്നത് ഈ സാമ്യത്തിനു പിന്നിലെ കാരണം വ്യക്തമാക്കുന്നു.
എങ്കിലും ബോര്‍ഗോഞോണിയുടെ പുസ്തകത്തിലെ പല കാര്യങ്ങളും ലോങ്ങോബുര്‍ഗോയുടെ പുസ്തകത്തിലെ കാര്യങ്ങളെ എതിര്‍ക്കുന്നതും അവയില്‍ ഉള്‍പ്പെടാത്തതും ഉണ്ടെന്നതും തിയോഡോറിക് ബോര്‍ഗോഞോണിയുടെ വ്യതിരിക്തത വ്യക്തമാക്കുന്നു. 1298 ല്‍ 92 വയസുള്ളപ്പോള്‍ ബൊളോഞ്ഞായിലാണ് അദ്ദേഹം നിത്യത പ്രാപിച്ചത്.
ജീവിതം എത്രത്തോളം ശാസ്ത്രത്തോടും മതത്തോടും ഒരുപോലെ പ്രതിബദ്ധതയുള്ളതാക്കാം എന്നതിന്റെ നല്ല ഉദാഹരണമാണ് ബോര്‍ഗോഞോണിയുടെ ജീവിതം. തിരക്കുകളുടെ മധ്യേ ശാസ്ത്ര ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നിട്ടും മരണം വരെയും അദ്ദേഹം വൈദ്യ ശാസ്ത്രത്തോടുള്ള തന്റെ കൂറും പ്രതിബദ്ധതയും തുടര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.