ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിനുള്ള സാധ്യതകളെന്ന് ശാസ്ത്രജ്ഞര്‍; പഠനങ്ങള്‍ തുടരുന്നു

ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിനുള്ള  സാധ്യതകളെന്ന് ശാസ്ത്രജ്ഞര്‍; പഠനങ്ങള്‍ തുടരുന്നു

ബെര്‍ലിന്‍: ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാമെന്ന സൂചന നല്‍കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.

എന്‍സെലാഡസിന്റെ പുറം തോടിനടിയില്‍ കിലോ മീറ്റര്‍ കനമുള്ള മഞ്ഞു പാറകള്‍ക്കു താഴെ തണുത്തുറഞ്ഞു കിടക്കുന്ന വലിയ സമുദ്രത്തില്‍ സങ്കീര്‍ണമായ ജൈവ തന്മാത്രകള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

ഭൂമിക്ക് പുറത്ത് ജീവനെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ എല്ലാ ചേരുവകളും എന്‍സെലാഡസില്‍ ഉണ്ടായിരിക്കാമെന്നതിന് കൂടുതല്‍ തെളിവുകള്‍ ആണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ബെര്‍ലിനിലെ സ്റ്റട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച് നിരന്തര പഠനങ്ങള്‍ നടത്തുന്നത്. എന്‍സെലാഡസിന്റെ ഈ മേഖലയില്‍ ജൈവവസ്തുക്കള്‍ കണ്ടെത്തിയെന്നും ഇത്തരം തന്മാത്രകള്‍ ആദ്യമായാണ് അവിടെ കണ്ടെത്തിയെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

എന്‍സെലാഡസിന്റെ ഉപരിതലത്തിനടിയില്‍ സംഭവിക്കുന്ന രാസ പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണത ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ബലപ്പെടുത്തിയെന്ന് ശാസ്ത്രജ്ഞനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഡോ. നൊസൈര്‍ ഖവാജ പറഞ്ഞു. സങ്കീര്‍ണത തെളിയുമ്പോള്‍ അതിനര്‍ത്ഥം എന്‍സെലാഡസില്‍ ജീവന്റെ സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദേഹം പറയുന്നു.

ഇതുവരെ കണ്ടെത്തിയ ശനിയുടെ 83 ഉപഗ്രഹങ്ങളില്‍ ആറാമത്തെ വലിയ ഗ്രഹമാണ് എന്‍സെലാഡസ്. തണുത്തുറഞ്ഞ ഉപഗ്രഹമായ എന്‍സെലാഡസില്‍ നിന്നും ഇടവേളകളില്‍ മഞ്ഞു സിലിക്കകള്‍ ഒരു ഫൗണ്ടന്‍ പോലെ പുറത്തേക്ക് തെറിക്കാറുണ്ട്. ഈ പ്രവര്‍ത്തനം കാര്‍ബണ്‍ അധിഷ്ഠിത പദാര്‍ത്ഥങ്ങളുടെ ബഹിര്‍ഗമനം ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ശനിയെ കുറിച്ചുള്ള പഠനങ്ങള്‍ക്കായി നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുടെ സംയുക്ത ദൗത്യമായ കാസിനി-ഹ്യൂജന്‍സില്‍ നിന്നുള്ള വിരങ്ങളുടെ വിശകലനം സംബന്ധിച്ച പഠനത്തിലാണ് ആണ് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

നാസയുടെ കാസിനി പേടകം 2004 മുതല്‍ 2017 വരെയുള്ള കാലത്ത് ശനിയെയും ഉപഗ്രഹങ്ങളെയും കുറിച്ച് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.