ഉക്രെയ്ന്‍ അധിനിവേശം: മോസ്‌കോ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിച്ഛേദിച്ച് ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ

ഉക്രെയ്ന്‍ അധിനിവേശം: മോസ്‌കോ പാത്രിയര്‍ക്കീസുമായുള്ള ബന്ധം  വിച്ഛേദിച്ച് ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ

ആംസ്റ്റര്‍ഡാം: ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂരമായ അധിനിവേശത്തെ തുടര്‍ന്ന് മോസ്‌കോ പാത്രിയര്‍ക്കീസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ തീരുമാനിച്ചു.

ഉക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ഇതാദ്യമായാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാശ്ചാത്യരാജ്യത്തെ ഒരു ഇടവക മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്.

മോസ്‌കോ ആസ്ഥാനമായുള്ള സഭയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ആത്മീയമായി സുരക്ഷിതത്വം പ്രദാനം ചെയ്യാന്‍ ഇനി സാധ്യമല്ലെന്നും അതിനാല്‍ പിരിയാനുള്ള വേദനാജനകവും ബുദ്ധിമുട്ടേറിയതുമായ തീരുമാനം എടുക്കേണ്ടി വന്നതായും വൈദികര്‍ ഏകകണ്ഠമായി അവരുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

നാല് വൈദികരും ഒരു ഡീക്കനും അടങ്ങുന്ന ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി നെതര്‍ലാന്‍ഡ്‌സിലെ ഏറ്റവും വലിയ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകകളിലൊന്നാണ്. ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യയുടെ നടപടികളെ ഇടവകയിലെ വൈദികര്‍ വിമര്‍ശിക്കുന്നുണ്ട്.

വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് കിറില്‍, അയല്‍രാജ്യത്തെ ആക്രമിക്കാനുള്ള ഭരണകൂട തീരുമാനത്തെ അപലപിക്കാന്‍ വിസമ്മതിച്ചു. ഇതുകൂടാതെ റഷ്യയുടെ എതിരാളികളെ 'ദുഷ്ടശക്തികള്‍' എന്നും പരാമര്‍ശിച്ചു. പാത്രിയാര്‍ക്കീസ് കിറിലിന്റെ ഈ നടപടികളില്‍ സഭയിലെ പല വൈദികര്‍ക്കും അമര്‍ഷമുണ്ടായിരുന്നു. ഇതാണ് വേര്‍പിരിയലിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഹേഗ് ആസ്ഥാനമായുള്ള നെതര്‍ലാന്‍ഡ്സ് രൂപതയുടെ റഷ്യന്‍ ആര്‍ച്ച് ബിഷപ്പിനോട്
ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയായ 'സെന്റ് നിക്കോളാസ് ഓഫ് മൈറ' കാനോനികമായി പിരിച്ചുവിടാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ ചേരാനുള്ള അഭ്യര്‍ത്ഥന നടത്തിയതായും ഇടവകയിലെ വൈദികര്‍ വെളിപ്പെടുത്തി. ഇസ്താംബൂള്‍ ആസ്ഥാനമായുള്ള ഓര്‍ത്തഡോക്‌സ് വിഭാഗം നിലവില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി യോജിപ്പിലല്ല.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ, കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് എന്നിവരുള്‍പ്പെടെയുള്ള ആത്മീയ നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്.

പുടിന്‍ യുദ്ധത്തിലൂടെ വലിയ അനീതി ചെയ്തുവെന്നും ലോകത്തിന്റെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ചതായും കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ നേതാവായി കണക്കാക്കപ്പെടുന്ന ബര്‍ത്തലോമിയോ ഒന്നാമന്‍ വിമര്‍ശിച്ചിരുന്നു.

2018-ലാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കേറ്റുമായുള്ള ബന്ധം വിച്ഛേദിച്ചത്. മുമ്പ് മോസ്‌കോയുടെ നിയന്ത്രണത്തിലായിരുന്ന ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബാര്‍ത്തലോമിയോ സ്വാതന്ത്ര്യം നല്‍കിയതിനുശേഷമാണ് ബന്ധം വിച്ഛേദിച്ചത്.

ലോകമെമ്പാടുമുള്ള 280-ലധികം റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതന്മാരും പള്ളി അധികാരികളും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള പാത്രിയാര്‍ക്കീസ് കിറിലിന്റെ നിലപാട്, അധിനിവേശത്തെ എതിര്‍ക്കുന്ന നിരവധി റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതന്മാര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.