വിമാന ദുരന്തത്തിനു പിന്നില്‍ റഷ്യ; നിയമനടപടിയുമായി ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും

വിമാന ദുരന്തത്തിനു പിന്നില്‍ റഷ്യ; നിയമനടപടിയുമായി ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും

ആംസ്റ്റര്‍ഡാം: മലേഷ്യന്‍ യാത്രാവിമാനമായ എം.എച്ച് 17 തകര്‍ന്ന സംഭവത്തില്‍ റഷ്യക്കെതിരേ നിയമനടപടികള്‍ ആരംഭിച്ച് ഓസ്ട്രേലിയയും നെതര്‍ലന്‍ഡും. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷൻ വഴിയാണ് റഷ്യയ്ക്കെതിരെ ഇരു രാജ്യങ്ങളും നിയമനടപടി ആരംഭിച്ചത്.

അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് റഷ്യക്കെതിരേയുള്ള നീക്കം. ഉക്രെയ്‌ൻ അധിനിവേശത്തിന്റെ പേരില്‍ റഷ്യ വിവിധ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കമെന്നത് ശ്രദ്ധേമാണ്.


2014-ജൂലൈ 17-നാണ് ലോകത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടാകുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 17 നെതര്‍ലന്‍ഡ്‌സ് തലസ്ഥാനമായ
ആംസ്റ്റര്‍ഡാമില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പറക്കുന്നതിനിടെ റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഉക്രെയ്ന്‍ മേഖലയിലാണ് തകര്‍ന്നുവീണത്.

38 ഓസ്ട്രേലിയക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദുരന്തത്തിനു ശേഷം ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും റഷ്യയില്‍നിന്ന് നഷ്ടപരിഹാരവും ക്ഷമാപണവും ആവശ്യപ്പെട്ടിരുന്നു.

കിഴക്കന്‍ ഉക്രെയ്‌നിലെ റഷ്യന്‍ അനുകൂല വിഘടനവാദികളാണ് വിമാനം ആക്രമിച്ചതെന്ന് പാശ്ചാത്യ രാജ്യങ്ങളും കിഴക്കന്‍ ഉക്രൈനും ആദ്യം മുതല്‍ ആരോപിച്ചിരുന്നു. സൈനികവിമാനമാണെന്ന് കരുതി യാത്രാ വിമാനം ലക്ഷ്യമിട്ടതാകാമെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിരുന്നു.
ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘമാണ് തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

എന്നാല്‍, തങ്ങള്‍ക്ക് പങ്കുണ്ടെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ റഷ്യ തുടക്കം മുതലേ നിഷേധിച്ചു. 2020 ഒക്ടോബറില്‍ ഇരുരാജ്യങ്ങളുമായി നടത്താനിരുന്ന ചര്‍ച്ചകളില്‍ നിന്ന് റഷ്യ പിന്മാറുകയും ചെയ്തു.

പുതിയ നിയമനടപടിയിലൂടെ റഷ്യയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടി വരും. ഇതുകൂടാതെ നിയമലംഘനം നടത്തിയ റഷ്യയ്ക്കു മേല്‍ പിഴ ചുമത്താനും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് കഴിയും.

വിമാനദുരന്തത്തില്‍ ഓസ്ട്രേലിയ നെതര്‍ലാന്‍ഡുമായി സംയുക്ത നടപടി ആരംഭിച്ചതായുള്ള പ്രഖ്യാപനം ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്നും അറ്റോര്‍ണി ജനറല്‍ മൈക്കിലിയ കാഷുമാണ് നടത്തിയത്.

വിമാനം തകര്‍ന്നതിന് റഷ്യയാണ് ഉത്തരവാദിയെന്ന് 2018 മേയ് മുതല്‍ തങ്ങള്‍ വാദിക്കുന്നുണ്ടെന്ന് ഇന്നലെ വൈകിട്ട് സിഡ്നിയില്‍ നടത്തിയ പ്രഖ്യാപനത്തിന് മുന്നോടിയായി മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ലോകമനഃസാക്ഷിയെ നടുക്കിയ സംഭവത്തില്‍ ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കം സത്യത്തിനും നീതിക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ റഷ്യ വിസമ്മതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മാരിസ് പെയ്ന്‍ മുന്നറിയിപ്പു നല്‍കി.

വിമാനം തകര്‍ക്കാന്‍ ഉപയോഗിച്ചത് ബുക് ടെലാര്‍ മിസൈല്‍ ആണെന്നും കണ്ടെത്തിയിരുന്നു. ഇത്തരം മിസൈലുകള്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയായിരുന്നു. റഷ്യയുടെ 53-ാം ആന്റി എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം.
വിമാനം തകര്‍ന്നു വീണത് റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. റഷ്യന്‍ സൈന്യം ഈ മിസൈലുകള്‍ വിമത ഗ്രൂപ്പുകള്‍ക്ക് നല്‍കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കണ്ടെത്തലുകളെയാണ് ഓസ്ട്രേലിയയും നെതര്‍ലാന്‍ഡും പ്രധാനമായും ആശ്രയിക്കുന്നത്.

പരിശീലനം ലഭിച്ച റഷ്യന്‍ സൈനികര്‍ക്കോ അല്ലെങ്കില്‍ അവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കോ മാത്രമേ മിസൈല്‍ സംവിധാനം വിക്ഷേപിക്കാന്‍ കഴിയൂ.

അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. അതിനാല്‍ ഡച്ച് പോലീസ് രാജ്യാന്തര രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. മൂന്നു റഷ്യക്കാരും ഒരു ഉക്രെയ്ന്‍കാരനും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി. ഇവര്‍ വിഘടനവാദികളായ ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും റഷ്യയും തമ്മിലുള്ള കണ്ണികളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

റഷ്യ ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍  നടപടി പിന്‍വലിക്കുന്നത് ഓസ്ട്രേലിയ പരിഗണിക്കാമെന്നു മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു. എന്നാല്‍ കുറച്ചുകാലമായി റഷ്യയില്‍ നിന്ന് നല്ല പ്രതികരണമല്ല ലഭിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.