കോഴിക്കോട്: 'ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെ കഴിയുന്നു എന്ന ബാങ്ക് മാനേജരുടെ ചോദ്യത്തിന് 'രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ' എന്നായിരുന്നു ആ അമ്മയുടെ മറുപടി. സംഭവം ഒരു വര്‍ഷം മുന്‍പാണ്. ജപ്തി ചെയ്യാനെത്തിയ വീട്ടിലെ നിസഹായയായ വയോധികയോട് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെ മാനേജരാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ആ അമ്മയുടെ വിഷമം കണ്ട മാനേജര്‍ക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാന്‍ കഴിഞ്ഞില്ല.
ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായുറങ്ങാന്‍ ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീടുണ്ട്. ബാങ്കിലെ ഒന്‍പതു ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ സ്‌നേഹവീട്. അന്നത്തെ ആ സംഭവത്തിന് ശേഷം ബാങ്കില്‍ തിരിച്ചെത്തിയ മാനേജര്‍ ആ കുടുംബത്തിന്റെ നിസഹായവസ്ഥ സഹപ്രവര്‍ത്തകരോടു പങ്കുവെച്ചതിന്റെ ഫലമായി നന്മ വറ്റാത്ത ഒരുകൂട്ടം മനുഷ്യരുടെ സ്‌നേഹ സമ്മാനമാണ് ഇന്ന് കാണുന്ന ആ സ്‌നേഹവീട്.
ബാഗ് നിര്‍മാണ സംരംഭം തുടങ്ങാനാണ് കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി അഞ്ച് വര്‍ഷം മുന്‍പ് 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നു പോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടു കൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം.
70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം. മുരഹരി എത്തിയത്. ശുചിമുറി പോലും ഇല്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ മാനേജരുടേയും സഹപ്രവര്‍ത്തകരുടേയും മനസ് അനുവദിച്ചില്ല.
2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കു ശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചു തീര്‍ത്തു. പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന് വീട് പുതുക്കി പണിയാന്‍ പണം കണ്ടെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍ നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയുമുണ്ടാക്കി. ആ അമ്മയ്ക്കും മകനും സ്‌നേഹം കൊണ്ടൊരു കൊട്ടാരം തീര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.