'രാഷ്ട്രീയത്തിന്റെ ഭാഷയാകരുത് ക്രൈസ്തവ സഭയുടേത്': പാത്രിയര്‍ക്കീസ് കിറിലിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ

'രാഷ്ട്രീയത്തിന്റെ ഭാഷയാകരുത് ക്രൈസ്തവ സഭയുടേത്': പാത്രിയര്‍ക്കീസ് കിറിലിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:'രാഷ്ട്രീയത്തിന്റെ ഭാഷയാകരുത് ക്രൈസ്തവ സഭയുടേതെ'ന്നും യേശുവിന്റെ ഭാഷയാണ് സഭ ഉപയോഗിക്കേണ്ടതെന്നും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിനെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌നിലെ യുദ്ധ പ്രതിസന്ധിയെക്കുറിച്ച് രണ്ട് ആത്മീയാചാര്യന്മാരും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് രാഷ്ട്രീയത്തിന് അതീതമായി നില്‍ക്കാനുള്ള പ്രതിബദ്ധത ക്രൈസ്തവ സഭയ്ക്കുണ്ടാകണമെന്ന കാര്യം മാര്‍പാപ്പ ഊന്നിപ്പറഞ്ഞതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.

നിലവിലെ പ്രതിസന്ധിക്കു സമാധാനപരമായ പരിഹാരം ഉണ്ടാകേണ്ടതിനെക്കുറിച്ച് പാത്രിയര്‍ക്കീസ് കിറിലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വിശദമായി സംസാരിച്ചു.'തങ്ങളുടെ ആളുകളുടെ ഇടയന്മാരെന്ന നിലയില്‍, സമാധാനത്തിലേക്കുള്ള വഴി കാണിക്കാനുള്ള ആഗ്രഹമാണ് ആത്മീയാചാര്യന്മാരുടെ കൂടിക്കാഴ്ചയ്ക്ക് പ്രചോദനമായത്; വെടിനിര്‍ത്തല്‍ ഉണ്ടാകാനും സമാധാനത്തിനായും പ്രാര്‍ത്ഥിക്കാനും.' ക്രൈസ്തവ സഭ രാഷ്ട്രീയത്തിന്റെ ഭാഷയല്ല, യേശുവിന്റെ ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് പാത്രിയര്‍ക്കീസും സമ്മതിച്ചു- ബ്രൂണി പറഞ്ഞു.

'ദൈവത്തില്‍, പരിശുദ്ധ ത്രിത്വത്തില്‍, യേശുവിന്റെ പരിശുദ്ധ അമ്മയില്‍ വിശ്വസിക്കുന്ന വിശുദ്ധ ഗണത്തിന്റെ ഇടയന്മാരാണ് നമ്മള്‍. അതുകൊണ്ടാണ് കഷ്ടപ്പെടുന്നവരെ സഹായിക്കാനും, സമാധാനത്തിന്റെ വഴികള്‍ തേടാനും നാം ഒന്നിക്കേണ്ടത്. വെടിയൊച്ചയ്ക്കു വിരാമം കുറിക്കാന്‍ നമുക്കാകണം,' മാര്‍പ്പാപ്പ പറഞ്ഞതായി ബ്രൂണി പറഞ്ഞു.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേ, പാത്രിയര്‍ക്കീസ് കിറിലിനോട് പാപ്പാ പറഞ്ഞു: 'യുദ്ധത്തിനുള്ള പണം മുടക്കുന്നത് ജനങ്ങളാണ്. സൈനികരെക്കൂടാതെ അതേ ജനങ്ങളും ബോംബ് വീണു മരിക്കുന്നു'. യുദ്ധത്തില്‍ കഷ്ടപ്പെടുന്ന എല്ലാ ആളുകളുടെയും ഒപ്പം നില്‍ക്കാനും അവരെ സഹായിക്കാനും ഇടയന്മാര്‍ എന്ന നിലയില്‍ തങ്ങള്‍ക്കു കടമയുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പിതാവിനോട് മാര്‍പ്പാപ്പ പറഞ്ഞതായും ബ്രൂണി അറിയിച്ചു.

'വിശുദ്ധ യുദ്ധങ്ങളില്ല'

'വിശുദ്ധ യുദ്ധത്തെക്കുറിച്ചും നീതിയുക്തമായ യുദ്ധത്തെക്കുറിച്ചുമൊക്കെ നമ്മുടെ പള്ളികളില്‍ പോലും സംസാരിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമുക്ക് അങ്ങനെ സംസാരിക്കാന്‍ കഴിയില്ല. സമാധാനത്തിന്റെ പ്രാധാന്യത്തിലൂന്നി ക്രിസ്ത്യന്‍ മനസ്സാക്ഷി വികസിച്ചു, '- മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. 'സമാധാനവും നീതിയും ശക്തിപ്പെടുത്തുന്നതിന് സംഭാവന നല്‍കാന്‍' കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും പാത്രിയര്‍ക്കീസ് കിറിലും സമ്മതിച്ചതായി വത്തിക്കാന്‍ വക്താവ് പറഞ്ഞു.

'യുദ്ധത്തിനായി പണം നല്‍കുന്നവരും ദൈവത്തിന്റെ ആളുകള്‍ തന്നെ.പക്ഷേ, യുദ്ധങ്ങള്‍ എല്ലായ്‌പ്പോഴും അന്യായമാണ്.കുട്ടികള്‍ക്കും കൊല്ലപ്പെട്ട സ്ത്രീകള്‍ക്കും യുദ്ധത്തിന് ഇരയായവര്‍ക്കും മുന്നില്‍ നമ്മുടെ ഹൃദയങ്ങള്‍ക്ക് കരയാതിരിക്കാന്‍ കഴിയില്ല. യുദ്ധം ഒരിക്കലും നല്ല വഴിയല്ല. നമ്മെ ഒന്നിപ്പിക്കുന്ന ആത്മാവ്, ഇടയന്മാരെന്ന നിലയില്‍ യുദ്ധത്തില്‍ കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു, '- പാപ്പ ഓര്‍മ്മിപ്പിച്ചു.

രണ്ട് മതാചാര്യന്മാരും ഉക്രേനിയന്‍ മണ്ണിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കുന്ന പ്രസ്താവന മോസ്‌കോ പാത്രിയാര്‍ക്കേറ്റ് പുറത്തിറക്കി.നിലവിലെ പ്രതിസന്ധിയുടെ മാനുഷിക വശങ്ങളും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും നടപടികളും പ്രത്യേക ചര്‍ച്ചാ വിഷയങ്ങളായെന്ന് പ്രസ്താവനയില്‍ പറയുന്നു.യുദ്ധത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് റോമന്‍ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും നടത്തേണ്ട നീക്കങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.'നിലവില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചാ പ്രക്രിയയുടെ നിര്‍ണ്ണായക പ്രാധാന്യം രണ്ട് ആത്മീയാചാര്യന്മാരും ഊന്നിപ്പറഞ്ഞു. എത്രയും വേഗം ന്യായമായ സമാധാനം വീണ്ടെടുക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു'.

ഫെബ്രുവരി അവസാനത്തോടെ സംഘര്‍ഷം ആരംഭിച്ചതുമുതല്‍, ഉക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണവുമായി ബന്ധപ്പെട്ട് റോമന്‍ കത്തോലിക്കാ സഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും ഇടയന്മാര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു.സമാധാനമുണ്ടാകണമെന്ന് ആവര്‍ത്തിക്കുന്നതിനിടയിലും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉറച്ച സഖ്യകക്ഷിയായ പാത്രിയര്‍ക്കീസ് കിറില്‍ റഷ്യയുടെ നടപടികളെ പിന്തുണച്ചു.

പുടിനെ പിന്തുണച്ച് പ്രതിഷേധം
പിടിച്ചു വാങ്ങി പാത്രിയര്‍ക്കീസ്


സ്വവര്‍ഗരതി, ആദര്‍ശങ്ങള്‍, മൂല്യങ്ങള്‍ തുടങ്ങിയ ആശയങ്ങളുമായി യുദ്ധത്തെ ബന്ധിപ്പിച്ചുകൊണ്ട് മാര്‍ച്ച് 6 ലെ ഒരു പ്രസംഗത്തില്‍, പാത്രിയര്‍ക്കീസ് കിറില്‍ പുടിനുള്ള തന്റെ പിന്തുണ ഇരട്ടിയാക്കി. ഉക്രെയ്‌നിലെ 'ഗുരുതരമായ സംഭവങ്ങള്‍'ക്കുള്ള പ്രധാന കാരണം ഡോണ്‍ബാസിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ തകര്‍ച്ചയാണെന്നും റഷ്യയോട് വിശ്വസ്തരായ കിഴക്കന്‍ ഉക്രേനിയന്‍ പ്രദേശത്തെ പുടിന് പരിഗണിക്കേണ്ടതുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കേണ്ടത് ആവശ്യമാണെന്നുമെല്ലാം വാദിച്ചു പാത്രിയര്‍ക്കീസ്.

ഉക്രെയ്നിനെതിരായ ആക്രമണത്തിനുള്ള പാത്രിയര്‍ക്കീസ് കിറിലിന്റെ പിന്തുണ നിരവധി റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളികളില്‍ അദ്ദേഹത്തോടുള്ള പ്രതിഷേധം കത്തിക്കാളാന്‍ കാരണമായി. ആരാധനക്രമത്തില്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ പേര് പറയില്ലെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് വരെ നയിച്ചു വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പ്. കൂടാതെ, ഉക്രെയ്‌നെതിരായ ആക്രമണത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള 280-ലധികം റഷ്യന്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ ഒരു തുറന്ന കത്തില്‍ ഒപ്പിട്ടതും പാത്രിയര്‍ക്കീസിന് കനത്ത ആഘാതമായി മാറി.ആംസ്റ്റര്‍ഡാമിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ മോസ്‌കോ പാത്രിയര്‍ക്കേറ്റുമായി വേര്‍പിരിയുമെന്ന് പ്രഖ്യാപിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ ചേരാന്‍ അഭ്യര്‍ത്ഥന നല്‍കുകയും ചെയ്തു.

അതേസമയം, റഷ്യന്‍ അധികാരികള്‍ 'പ്രത്യേക സൈനിക നടപടി' ആയി രൂപപ്പെടുത്തിയ യുദ്ധത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി പലവട്ടം അപലപിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ 'ദൈവത്തിന്റെ നാമത്തില്‍ ' ആജ്ഞാപിക്കുകയും ചെയ്തു.'രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍ ഉക്രെയ്‌നില്‍ ഒഴുകുന്നു. ഇത് കേവലം ഒരു സൈനിക നടപടിയല്ല. മറിച്ച് മരണവും നാശവും ദുരിതവും വിതയ്ക്കുന്ന ഒരു യുദ്ധമാണ് 'മാര്‍ച്ച് 6 ലെ തന്റെ ഞായറാഴ്ച പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞതിങ്ങനെ.

മാര്‍ച്ച് 16 ന് പൊതു സദസ്സിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ ഉക്രെയ്‌നില്‍ സമാധാനമുണ്ടാകാനുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലി.യേശുവിന്റെ കഷ്ടപ്പാടുകള്‍ക്കു തുല്യം പീഡയനുഭവിക്കുന്നു കീവിലെയും ഖാര്‍കിവിലെയും അമ്മമാരും കുട്ടികളുമെന്ന് വേദനയോടെ ചൂണ്ടിക്കാട്ടി. അക്രമം വഴി ക്രൂരതയെ നിയമവിധേയമാക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോട് ക്ഷമ ചോദിച്ച മാര്‍പാപ്പ ദൈവിക ഇടപെടലിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.