വേര്‍പിരിഞ്ഞ ദമ്പതികള്‍ ലോക് അദാലത്തില്‍ മാലയണിഞ്ഞ് വീണ്ടും ഒന്നിച്ചു

വേര്‍പിരിഞ്ഞ ദമ്പതികള്‍ ലോക് അദാലത്തില്‍ മാലയണിഞ്ഞ് വീണ്ടും ഒന്നിച്ചു

ബെംഗ്ളൂരു: പല കേസുകളിലും വിജയകരമായ രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ചരിത്രമാണ് കര്‍ണാടകയിലെ ലോക് അദാലത്തിനുള്ളത്. അടുത്തിടെ നടന്ന അദാലത്തില്‍ 53 വര്‍ഷത്തെ സ്വത്ത് തര്‍ക്കം ഒറ്റ ദിവസം കൊണ്ട് പരിഹരിക്കുകയുണ്ടായി. ഏറ്റവും ഒടുവിലായി വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ ദമ്പതികളുടെ ഒത്തു ചേരലിനാണ് അദാലത്ത് സാക്ഷ്യം വഹിച്ചത്.

മൂന്ന് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന ദമ്പതികള്‍ അദാലത്തിന് ശേഷം വീണ്ടും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം.

17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗണേശ മൂര്‍ത്തിയും പൂര്‍ണിമയും വിവാഹിതരായത്. ഇവര്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന 15 വയസുള്ള ഒരു മകനുമുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ദമ്പതികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാവുകയും ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് തിരികെ പോകുകയുമായിരുന്നു. അന്നു മുതല്‍ അവര്‍ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചത്. ഇവരുടെ മകന്‍ സുഹാസ് പിതാവിനൊപ്പം താമസിച്ചു.

എന്നാല്‍ ഇക്കാലം മുഴുവന്‍ സുഹാസിന് അമ്മയില്ലാത്ത കുറവ് വല്ലാത്ത വേദനയായിരുന്നു. മാതാപിതാക്കള്‍ ഒരുമിക്കണമെന്ന് അവന്‍ വല്ലാതെ ആഗ്രഹിച്ചു. ലോക് അദാലത്തിനെക്കുറിച്ച് കേട്ടറിഞ്ഞ സുഹാസ്, കുടുംബ സുഹൃത്തായ അഭിഭാഷകന്റെ അടുത്തെത്തി മാതാപിതാക്കളെ ഒന്നിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കുട്ടിയുടെ ഹര്‍ജി പരിഗണിച്ച് അഭിഭാഷകനായ വലേമനെ ശിവകുമാറാണ് കോടതിയില്‍ ഹാജരായത്. ഹൊസ നഗര ജെഎംഎഫ്‌സി കോടതിയില്‍ ഭാര്യാഭര്‍ത്താക്കന്മാരെ വിളിച്ചു വരുത്തി വാദം കേട്ടു. പ്രിന്‍സിപ്പല്‍ ചീഫ് ജസ്റ്റിസ് രവികുമാറും ജസ്റ്റിസ് പുഷ്പലതയും വാദം കേള്‍ക്കുകയും ദമ്പതികളെ അനുരഞ്ജനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.

ഒരുപാട് നേരത്തെ അനുരഞ്ജന സംഭാഷണത്തിന് ശേഷം ഗണേശ മൂര്‍ത്തിയും പൂര്‍ണിമയും ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. മകന്‍ കൊണ്ടു വന്ന പൂമാലകള്‍ ദമ്പതികള്‍ പുഞ്ചിരിയോടെ പരസ്പരം കൈമാറി വീണ്ടും ഒന്നിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.