ഉക്രെയ്ന്‍ യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യക്കാര്‍ 'പുതിയ നായകര്‍';അര്‍നോള്‍ഡ് ഷ്വാര്‍സെനെഗറുടെ വീഡിയോ വൈറല്‍

  ഉക്രെയ്ന്‍ യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യക്കാര്‍ 'പുതിയ  നായകര്‍';അര്‍നോള്‍ഡ്  ഷ്വാര്‍സെനെഗറുടെ വീഡിയോ വൈറല്‍


ലോസ് ഏഞ്ചല്‍സ്:ഉക്രെയ്ന്‍ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന റഷ്യക്കാരെ 'പുതിയ നായകര്‍' എന്ന് വാഴ്ത്തി ഹോളിവുഡ് സൂപ്പര്‍താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍. 'വിവേചനരഹിതമായ' അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

'ഞാന്‍ ഇന്ന് നിങ്ങളോട് തുറന്ന് പറയുകയാണ്. കാരണം നിങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഭയാനകമായ കാര്യങ്ങളുണ്ട്,'- മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ ശക്തമായ ഒമ്പത് മിനിറ്റ് വീഡിയോയില്‍ റഷ്യന്‍ സൈനികരോടായി പറയുന്നു. യുദ്ധം റഷ്യ ഭരിക്കുന്നവരുടെ ആവശ്യമാണ്. ഉക്രെയ്‌നില്‍ നാസികള്‍ ഉണ്ടെന്നു പറഞ്ഞും, റഷ്യയെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനെന്നു മോഹിപ്പിച്ചുമാണ് നിങ്ങളെ വഞ്ചിക്കുന്നത്. ഉക്രെയ്‌നില്‍ നടക്കുന്നത് മിലിട്ടറി പരിശീലനം ആണെന്നും നുണ പറയുന്നു.

ഷ്വാര്‍സെനെഗര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വൈകാരിക സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ റഷ്യയിലെ ജനങ്ങള്‍ക്കും റഷ്യന്‍ സൈനികര്‍ക്കുമായുള്ളതാണ്. 'റഷ്യന്‍ ജനതയെ ഞാന്‍ സ്‌നേഹിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ പറയുന്നത്. ഈ യുദ്ധം ആരംഭിച്ചതില്‍ ഉക്രെയ്‌ന് പങ്കില്ല,'- അദ്ദേഹത്തിന്റെ വാക്കുകള്‍.

തന്റെ ആരാധനാപാത്രമായ റഷ്യന്‍ വെയ്റ്റ് ലിഫ്റ്റര്‍ യൂറി വ്‌ലാസോവിനെ 14 വയസ്സുള്ളപ്പോള്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് വിവരിച്ചാണ് അര്‍നോള്‍ഡ് സംസാരം ആരംഭിക്കുന്നത്. യൂറി വ്‌ലാസോവിന്റെ ചിത്രം തന്റെ മുറിയില്‍ വച്ചിരുന്നു. മുന്‍ നാസി സൈനികനായ അച്ഛന്‍ എതിര്‍ത്തിട്ടും താന്‍ മാറ്റിയില്ല. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ചിത്രീകരിച്ച ആദ്യത്തെ അമേരിക്കന്‍ ചിത്രമായ 'റെഡ് ഹീറ്റ്'നെക്കുറിച്ചും തന്റെ റഷ്യന്‍ ആരാധകരെക്കുറിച്ചും അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ പറയുന്നുണ്ട്.

'റഷ്യന്‍ ജനതയുടെ ശക്തിയും ഹൃദയവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള സത്യം നിങ്ങളോട് പറയാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് ഇത് ഉക്രെയ്‌നെ 'ഡി-നാസിഫൈ' ചെയ്യാനുള്ള യുദ്ധമാണെന്ന് നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞതായി എനിക്കറിയാം. ഇത് ശരിയല്ല. ക്രെംലിനില്‍ അധികാരത്തിലുള്ളവരാണ് ഈ യുദ്ധം ആരംഭിച്ചത്. ഇത് റഷ്യന്‍ ജനതയുടെ യുദ്ധമല്ല'.

'ഉക്രെയ്‌നിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ലോകം റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നു - കുട്ടികളുടെ ആശുപത്രിയും പ്രസവ ആശുപത്രിയും ഉള്‍പ്പെടെ റഷ്യന്‍ പീരങ്കികളും ബോംബുകളും ഉപയോഗിച്ച് നഗരങ്ങള്‍ മുഴുവന്‍ നിരപ്പാക്കിയിരിക്കുന്നു. യുദ്ധത്തിന്റെ ക്രൂരത കാരണം, റഷ്യ ഇപ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്നു'. രണ്ടാം ലോകമഹായുദ്ധസമയത്ത് റഷ്യയില്‍ നാസികള്‍ക്കുവേണ്ടി പോരാടുമ്പോള്‍ തന്റെ പിതാവിനു മുറിവു പറ്റിയ കാര്യം ഷ്വാര്‍സെനെഗര്‍ റഷ്യന്‍ സൈനികരോടുള്ള അഭ്യര്‍ത്ഥനയില്‍ അനുസ്മരിച്ചു. ശാരീരികമായും മാനസികമായും തകര്‍ന്ന അദ്ദേഹം ജീവിതകാലം മുഴുവന്‍ വേദനയോടെയാണ് ജീവിച്ചത്. 'ഈ സംപ്രേക്ഷണം കേള്‍ക്കുന്ന റഷ്യന്‍ സൈനികരോട്... നിങ്ങള്‍ എന്റെ പിതാവിനെപ്പോലെ തകര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'

'നിങ്ങളുടെ അച്ഛന്മാരോ മുത്തച്ഛന്മാരോ നടത്തിയ റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധമല്ല ഇത്. ഇതൊരു നിയമവിരുദ്ധ യുദ്ധമാണ്. ലോകം മുഴുവനും അപലപിച്ച യുക്തിരഹിതമായ യുദ്ധത്തിനായി നിങ്ങളുടെ ജീവനും അവയവങ്ങളും ഭാവിയും ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ ഈ യുദ്ധം ആരംഭിച്ചു. നിങ്ങളാണ് ഈ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത്. നിങ്ങള്‍ക്ക് ഈ യുദ്ധം നിര്‍ത്താം.' - പുടിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഷ്വാസ്നെഗര്‍ പറയുന്നു.

https://twitter.com/i/status/1504426844199669762


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.