ചെന്നൈ: രജിസ്‌ട്രേഷന്‍ നമ്പറിന് പകരം നാഗര്‍കോവില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് നമ്പര്‍ പ്ലേറ്റില്‍ പതിച്ച ബൈക്കുമായി കറങ്ങി നടക്കുന്ന യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.
നാഗര്‍ കോവില്‍ എംഎല്‍എ എം.ആര്‍ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഇയാള്‍ എഴുതി വച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ എം.ആര്‍ ഗാന്ധി അവിവാഹിതനാണ് എന്നതാണ് വസ്തുത.
അതുകൊണ്ടു തന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍ മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നു. ഇതോടെയാണ് ആളെ കണ്ടെത്തിയത്. എം.ആര്‍ ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎല്‍എയുടെ പേരുപയോഗിച്ച് നഗരത്തില്‍ കറങ്ങി നടക്കുന്നത്.
ഗാന്ധിയുടെ കാര്‍ ഡ്രൈവറായ കണ്ണന്‍ അദ്ദേഹം എം.എല്‍.എ ആകുന്നതിന് മുമ്പ് മുതല്‍ ഒപ്പമുണ്ടായിരുന്നു. ഡ്രൈവറായിരുന്ന കണ്ണന്‍ ഇപ്പോള്‍ എം.ആര്‍ ഗാന്ധിയുടെ അടുത്ത സഹായിയാണ്. നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് അംരിഷ് ബൈക്കില്‍ ഗാന്ധിയുടെ പേരെഴുതിയതെന്നാണ് ബിജെപി നേതാക്കളുടെ വിചിത്രമായ അവകാശ വാദം.
1980 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.ആര്‍ ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോറ്റെങ്കിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ നിന്ന് വിജയിച്ചു. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാറില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.