ഇന്ത്യയുടെ വിദേശകാര്യ നയത്തെ വാഴ്ത്തി ഇമ്രാന്‍ ഖാന്‍; 'അവിടത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയം '

ഇന്ത്യയുടെ വിദേശകാര്യ നയത്തെ വാഴ്ത്തി ഇമ്രാന്‍ ഖാന്‍; 'അവിടത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയം '

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യ നയത്തെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ വിദേശകാര്യനയം സ്വതന്ത്രവും, പൂര്‍ണമായും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണെന്നായിരുന്നു ഇമ്രാന്റെ പ്രശംസ. ഇമ്രാന്‍ ഇന്ത്യയെ പ്രശംസിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

' ഇന്ന് ഞാന്‍ ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണ്. ഇന്ത്യ എപ്പോഴും ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. അമേരിക്ക ഉള്‍പ്പെടെ അംഗങ്ങളായ ക്വാഡ് സഖ്യത്തിലെ അംഗമാണ് ഇന്ത്യ. എന്നാല്‍ നിഷ്പക്ഷത പുലര്‍ത്തിക്കൊണ്ടാണ് ഇന്ത്യ നിലകൊള്ളുന്നത്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കാരണം അവരുടെ വിദേശകാര്യനയം അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്.' ഇമ്രാന്‍ പറഞ്ഞു.

തനിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കീനിരിക്കേ ഖൈബര്‍-പഖ്തുന്‍ക്വ പ്രവിശ്യയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. താന്‍ സ്വീകരിക്കുന്ന വിദേശകാര്യനയവും പാകിസ്താനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഇമ്രാന്‍ പറഞ്ഞു. ' ഞാന്‍ ആരുടെ മുന്നിലും മുട്ടുമടക്കില്ല, നമ്മുടെ രാജ്യത്തെ എവിടേയും മുട്ടുമടക്കാനും അനുവദിക്കില്ല. ഉക്രെയ്ന്‍-റഷ്യ വിഷയത്തില്‍ റഷ്യയ്ക്കെതിരായി പാകിസ്താന്‍ നിലകൊള്ളണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം പാകിസ്താന്‍ പൂര്‍ണമായും തള്ളി. കാരണം എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ ഇങ്ങനെ ഒരു ആവശ്യം പാകിസ്താന് മുന്നില്‍ വച്ചത്.'

യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അംഗീകരിച്ചാലും പാകിസ്താന് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ' അഫ്ഗാനിസ്താനിലെ തീവ്രവാദത്തിനെതിരായ അമേരിക്കയുടെ യുദ്ധത്തില്‍ നമ്മളും പങ്കാളികളായിരുന്നു. പക്ഷേ അതുകൊണ്ട് നമുക്ക് എന്ത് നേട്ടമുണ്ടായി? 80,000ത്തോളം ആളുകളുടെ ജീവന്‍ നഷ്ടമായി. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം വന്നു'- ഇമ്രാന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.