'വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കൂടി കഴിയുന്നില്ല'; തെക്കന്‍ തമിഴ്‌നാട്ടിലേക്ക് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍

'വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കൂടി കഴിയുന്നില്ല'; തെക്കന്‍ തമിഴ്‌നാട്ടിലേക്ക് വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍

ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്ത് പേര്‍ കൂടി അഭയം തേടി തമിഴ്നാട്ടില്‍ എത്തി. ബോട്ടില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്‌കോടിക്കടുത്തു നിന്നാണ് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കൂടി വഴിയില്ലാതെ ആയതോടെയാണ് ഇന്ത്യയിലേക്കുള്ള കടത്തുബോട്ടില്‍ കയറിയതെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു.

നാല് മാസം പ്രായമുള്ള കുഞ്ഞടക്കം പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മാന്നാര്‍ മേഖലയിലുള്ള ബോട്ട് ജെട്ടിയില്‍ നിന്നുമാണ് അഭയാര്‍ത്ഥികള്‍ ബോട്ട് കയറിയത്. ഇന്ത്യയിലെത്തിക്കാന്‍ 50,000 രൂപ ഈടാക്കി. രാത്രി വൈകി രാമേശ്വരത്തിന് അടുത്തുള്ള ദ്വീപില്‍ നിന്നാണ് അഭയാര്‍ത്ഥികള്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലാകുന്നത്.

ഇതോടെ ഇന്ത്യന്‍ തീരത്തെത്തിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 16 ആയി. ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ തീരത്തേക്ക് പലായനം ചെയ്‌തേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ധനുഷ്‌കോടി രാമേശ്വരം തീരത്ത് തീരസംരക്ഷണ സേന തിരച്ചില്‍ ശക്തമാക്കി.

ശ്രീലങ്കന്‍ ആഭ്യന്തര പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ നിലവില്‍ തമിഴ്‌നാട്ടിലുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 60,000 പേരും അതിന്റെ പകുതിയെങ്കിലും അഭയാര്‍ത്ഥികള്‍ അനധികൃതമായും കഴിയുന്നു. ഇന്നലെ എത്തിയവരില്‍ രണ്ട് കുടുംബങ്ങള്‍ നേരത്തേ തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരാണ്.

ഭക്ഷണവും പ്രഥമ ശുശ്രൂഷയും നല്‍കിയതിന് ശേഷം അഭയാര്‍ത്ഥികളെ മറൈന്‍ പൊലീസിന് കൈമാറി. ഇവരെ രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഇവരെ മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.