മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: പരിസ്ഥിതി ആഘാത പഠനം എന്ന് പൂര്‍ത്തിയാകും?- കേരളത്തോട് സുപ്രീം കോടതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: പരിസ്ഥിതി ആഘാത പഠനം എന്ന് പൂര്‍ത്തിയാകും?- കേരളത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ ഇനി എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീം കോടതി. പരിസ്ഥിതി ആഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളം കോടതിക്ക് മറുപടി നല്‍കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. നിലവിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണ്. 2018 ല്‍ കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയങ്ങള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാ വിഷയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ച് പഠനം പുരോഗമിക്കുകയാണെന്ന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ പഠനം പൂര്‍ത്തിയാകാന്‍ ആവശ്യമായ സമയം എത്രയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ കേരളത്തോട് ചോദിച്ചു. ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരിസ്ഥിതി ആഘാത പഠനം അന്തിമ ഘട്ടത്തത്തിലാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിന്റെയും തമിഴ്നാടിന്റെയും സാങ്കേതിക അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവരാണ് ഹാജരായത്. കേരളത്തിന്റെ വാദം നാളെ അവസാനിക്കും. തമിഴ്‌നാടിന്റെ വാദം അടുത്ത ആഴ്ച്ച നടക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.ഓക, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.