ഉക്രെയ്ന്‍:റഷ്യയുടെ 'കൗശല പ്രമേയം' തള്ളി യു.എന്‍ സുരക്ഷാ സമിതി ; വോട്ടിംഗില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ

 ഉക്രെയ്ന്‍:റഷ്യയുടെ 'കൗശല പ്രമേയം' തള്ളി യു.എന്‍ സുരക്ഷാ സമിതി ; വോട്ടിംഗില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: ഉക്രെയ്‌നിലെ മാനവിക പ്രതിസന്ധി ചൂണ്ടിക്കാട്ടി യു.എന്‍ സുരക്ഷാ കണ്‍സിലില്‍ റഷ്യ അവതരിപ്പിച്ച തന്ത്രപരമായ പ്രമേയം പരാജയപ്പെട്ടു. വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുന്നു. പ്രമേയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. യു.എ.ഇയും പ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടുനിന്നു.

മാനവിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ റഷ്യന്‍ അധിനിവേശം എന്ന് എവിടെയും പറയുന്നില്ല. അതാണ് വിമര്‍ശനത്തിന് പ്രധാന കാരണം.ഉക്രെയ്നിലെ മാനുഷികാവസ്ഥ മുന്‍നിര്‍ത്തി പ്രത്യേക പരിഗണനയോടെ സഹായമെത്തിക്കാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു പ്രമേയം. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിലൂടെ ഉക്രെയ്നില്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സാധാരണ ജനങ്ങളോടുളള ഐക്യദാര്‍ഢ്യമാണ് ഇന്ത്യ വെളിപ്പെടുത്തിയത്.

ഉക്രെയ്നില്‍ കൈയ്യേറ്റവും അക്രമവും അധിനിവേശവും നടത്തുന്ന ഏകശക്തി റഷ്യയാണെന്നും സാധാരണ ജനങ്ങള്‍ക്കെതിരെ ഹീനമായ നടപടിയാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരക്ഷാ കൗണ്‍സിലില്‍ യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ആരോപിച്ചു. സ്വന്തം തെറ്റ് അംഗീകരിക്കാത്ത പ്രമേയം യുഎന്നില്‍ തന്ത്രപരമായി പാസാക്കിയെടുക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും യുഎസ് പ്രതിനിധി ചൂണ്ടിക്കാട്ടി.റഷ്യ മാത്രം സൃഷ്ടിച്ച ഒരു പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ധിക്കാരത്തോടെ ആവശ്യപ്പെടുന്ന പ്രമേയം മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും ലിന്‍ഡ പറഞ്ഞു.

ഉക്രെയ്‌നിലെ സാഹചര്യങ്ങളെ കുറിച്ച് റഷ്യ ചിന്തിച്ചിരുന്നെങ്കില്‍, അവര്‍ കുട്ടികള്‍ക്ക് നേരെ അടക്കം നടത്തുന്ന ബോംബിംഗ് അവസാനിപ്പിക്കുകയാണ് വേണ്ടത്. അവരുടെ യുദ്ധതന്ത്രവും ഇതോടൊപ്പം തീരുമായിരുന്നു. എന്നാല്‍ അവര്‍ അത് അവസാനിപ്പിക്കുന്നില്ലെന്ന് യുഎന്നിലെ ബ്രിട്ടീഷ് അംബാസിഡര്‍ ബാര്‍ബറ വുഡ് വേര്‍ഡ് പറഞ്ഞു. അതേസമയം പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ഏക രാജ്യം ചൈനയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉക്രെയ്‌നിലെ മാനുഷിക പ്രതിസന്ധിയില്‍ ഇടപെടണമെന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ചൈന അറിയിച്ചു.ആറ് പോയിന്റുകള്‍ അടങ്ങിയ നിര്‍ദേശങ്ങളാണ് ചൈനീസ് പ്രതിനിധി ഷാങ് ജുന്‍ ചൂണ്ടിക്കാണിച്ചത്.

ഉക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം പ്രഥമ പരിഗണന നല്‍കണമെന്ന് പറയാനാണ് ഈ പ്രമേയത്തെ പിന്തുണച്ചതെന്ന് ചൈന പറഞ്ഞു. ഉക്രെയ്‌നില്‍ നിന്ന് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും, ചെറുപ്പക്കാര്‍ക്കും സുരക്ഷിതമായി പുറത്തേക്ക് പോകാന്‍ എല്ലാവരും സൗകര്യമൊരുക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍, റഷ്യയ്ക്ക് 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ കുറഞ്ഞത് ഒമ്പത് 'അതെ' വോട്ടുകള്‍ ആവശ്യമാണ്. കൂടാതെ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ നാല് സ്ഥിരാംഗങ്ങളില്‍ നിന്ന് ഒരു വീറ്റോ പോലുമുണ്ടാകരുത്.പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം യുഎഇയും ഇന്ത്യയും ഉള്‍പ്പെടെ 13 അംഗങ്ങളാണ് വിട്ടുനിന്നത്.

മറ്റ് സെക്യൂരിറ്റി കൗണ്‍സില്‍ മാനുഷിക പ്രമേയങ്ങളെപ്പോലെ ഈ പ്രമേയം 'രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല' എന്ന് വോട്ടെടുപ്പിന് മുമ്പ് റഷ്യയുടെ യുഎന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ കൗണ്‍സിലിനോട് പറഞ്ഞു. അത്തരമൊരു പ്രമേയം സമര്‍പ്പിക്കാന്‍ തന്റെ രാജ്യത്തിന് അവകാശമില്ലെന്ന യുഎസിന്റെ അവകാശവാദം അദ്ദേഹം നിരസിച്ചു. റഷ്യന്‍ പ്രമേയം 'ഒരു സുപ്രധാന പ്രായോഗിക ചുവടും മാനുഷിക സേവന ശ്രമങ്ങള്‍ക്കുള്ള നിര്‍്ണ്ണായക ചട്ടക്കൂടും' ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉക്രെയ്നും മറ്റ് രണ്ട് ഡസന്‍ രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയം ജനറല്‍ അസംബ്ലി പരിഗണിക്കാന്‍ തുടങ്ങിയ അതേ ദിവസം തന്നെയാണ് റഷ്യയുടെ തോല്‍വി, 100 ഓളം രാജ്യങ്ങളുടെ എതിര്‍പ്പോടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.