ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേക്കും. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രശാന്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ നേതാക്കളുമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗുജറാത്തിലെ നേതാക്കള്‍ പ്രശാന്തിനെ കൊണ്ടുവരാന്‍ രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഈ ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രശാന്ത് രാഹുലിനെ അറിയിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രശാന്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചതാണ് പ്രശാന്തും കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യവുമായി കഴിഞ്ഞ വര്‍ഷം ഒന്നിലേറെ തവണ പ്രശാന്ത് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കങ്ങള്‍ ഫലം കണ്ടിരുന്നില്ല.
അതേസമയം പ്രശാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്. നടന്‍ വിജയ് 2026 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പ്രശാന്ത് ഉപദേഷ്ടാവായി ഒപ്പമുണ്ടാകുമെന്നും സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.