ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുത്തില്ല; ഇനി തിങ്കളാഴ്ച

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുത്തില്ല; ഇനി തിങ്കളാഴ്ച

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണനയ്‌ക്കെടുത്തില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ പാകിസ്താന്‍ ദേശീയ അസംബ്ലി തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച നാലു മണിക്ക് ശേഷമായിരിക്കും ഇനി സഭ ചേരുക.

ഇന്ന് ദേശീയ അസംബ്ലി ചേര്‍ന്നയുടന്‍ അന്തരിച്ച മുന്‍ അംഗം ഖയാല്‍ സമാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭ നിര്‍ത്തിവെച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ സഭ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു. അവിശ്വാസപ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിര്‍ണായകമായിരുന്നു.

അവിശ്വാസ പ്രമേയം പരിഗണിക്കാതിരുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനെ രക്ഷിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. അഴിമതി, സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസം കൊണ്ടുവന്നത്. ഭരണ മുന്നണിയിലെ ചില ഘടകകക്ഷികളും സ്വന്തം പാര്‍ട്ടിയിലെ ഏതാനും എം.പിമാരും ഇമ്രാന്‍ ഖാന് എതിരാണ്. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും തിരിച്ചടിയായി.

സ്വന്തം കക്ഷിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ)യിലെ 24 അംഗങ്ങള്‍ കൂറുമാറിയ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാനെ സംബന്ധിച്ചടത്തോളം നിര്‍ണായകമായിരുന്നു ഇന്നത്തെ ദിനം. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.