ക്വീന്‍സ് ലാന്‍ഡില്‍ ഭൂഗര്‍ഭ ഖനിയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു

ക്വീന്‍സ് ലാന്‍ഡില്‍ ഭൂഗര്‍ഭ ഖനിയിലുണ്ടായ  അപകടത്തില്‍ തൊഴിലാളി മരിച്ചു

ബ്രിസ്ബന്‍: ക്വീന്‍സ് ലാന്‍ഡില്‍ ഭൂഗര്‍ഭ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡില്‍ ആംഗ്ലോ അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൊറാന്‍ബ നോര്‍ത്ത് ഖനിയിലാണ് ഇന്നലെ രാത്രി 10 മണിയോടെ ദാരുണമായ സംഭവമുണ്ടായത്. ബ്രിസ്ബനില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കരി ഖനന നഗരമാണ് മൊറാന്‍ബ.

58 വയസുകാരനായ തൊഴിലാളിയാണ് ജോലിക്കിടെ തലയ്ക്ക് ആഘാതമേറ്റ് തല്‍ക്ഷണം മരണത്തിനു കീഴടങ്ങിയത്. ഇതേതുടര്‍ന്ന് ഖനന ജോലികള്‍ നിര്‍ത്തിവച്ചു. സെപ്റ്റംബറിന് ശേഷം സംസ്ഥാനത്ത് ഖനി മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

ഖനന കമ്പനിയായ ആംഗ്ലോ അമേരിക്കയുടെ കരാര്‍ കമ്പനിയായ മാസ്റ്റര്‍മൈനിന്റെ തൊഴിലാളിയാണ് മരിച്ചത്. ഖനിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഭാരമേറിയ വസ്തു തലയില്‍ പതിച്ചാണ് മരണം. സംഭവം പോലീസ് അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും തൊഴിലാളി സംഘടനയായ സിഎഫ്എംഇയു ക്വീന്‍സ്ലന്‍ഡ് ജില്ലാ പ്രസിഡന്റ് സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. കല്‍ക്കരി ഖനന മേഖലയില്‍ അപകട മരണങ്ങളും ഗുരുതരമായി പരുക്കേല്‍ക്കുന്ന സംഭവങ്ങളും പതിവായി ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖനികളില്‍ സുരക്ഷ മെച്ചപ്പെടുത്താനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു.
തൊഴിലാളിയുടെ കുടുംബത്തെ കമ്പനി പിന്തുണയ്ക്കുമെന്ന് ആംഗ്ലോ അമേരിക്കന്‍ സി.ഇ.ഒ ടൈലര്‍ മിച്ചല്‍സണ്‍ പറഞ്ഞു. മൊറാന്‍ബ നോര്‍ത്തിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ടൈലര്‍ മിച്ചല്‍സണ്‍ പറഞ്ഞു.

ഖനിത്തൊഴിലാളിയുടെ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും റിസോഴ്സ് മന്ത്രി സ്‌കോട്ട് സ്റ്റുവര്‍ട്ട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26